സര്‍ക്കാര്‍ പരിപാടികളുടെ ക്ഷണക്കത്തുകള്‍ മലയാളത്തില്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പരിപാടികളുടെ ക്ഷണക്കത്തുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്നില്ലെങ്കില്‍ മലയാളത്തില്‍ തന്നെ അച്ചടിച്ച് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
മലയാള ഭാഷയെ സമ്പുഷ്ടമാക്കുന്നതിനായി പുതിയ പദങ്ങള്‍ കണ്ടെത്തുന്നതിനും ഗവേഷണത്തിനുമായുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും. ഉന്നത വിദ്യാഭ്യാസം നേടിയെങ്കിലും മലയാളത്തിലുള്ള ബോര്‍ഡ് വായിക്കാനറിയാത്ത ഒരു വിഭാഗമുള്ളത് യാഥാര്‍ഥ്യമാണ്.
സമൂഹത്തിനുണ്ടായ മാറ്റം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. കുട്ടികളെ ഇംഗ്ലീഷ് മാധ്യമത്തിലേക്ക് ചേര്‍ക്കാന്‍ ഒരു ത്വര രക്ഷിതാക്കളില്‍ പ്രകടമാണ്. ഇതാണ് മലയാളമറിയാത്ത തലമുറയെ സൃഷ്ട്ടിക്കുന്നത്.
കീഴ് കോടതികളില്‍ വ്യവഹാര ഭാഷ മലയാളമാക്കുന്നതിനു ഏറെക്കുറേ ധാരണയായതായും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതികളില്‍ മലയാളം ഏകപക്ഷീയമായി നടപ്പാന്‍ കഴിയില്ല. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു.
ആവശ്യമായ രീതിയില്‍ സഹകരിക്കാമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ മാതൃഭാഷ നിര്‍ബന്ധമാക്കുന്നതുകൊണ്ട് കന്നഡ, തമിഴ് ഭാഷാ ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."