ഖനനം: റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഭയക്കുന്നതാരെ ?
കോഴിക്കോട്: 14 പേരുടെ മരണത്തിനും നൂറുകണക്കിനു കുടുംബങ്ങളെ ദുരിതബാധിതരുമാക്കിയ കരിഞ്ചോല ദുരന്തം നടന്നിട്ട് മൂന്നു മാസം പിന്നിട്ടിരിക്കുന്നു. ദുരന്തത്തെ തുടര്‍ന്ന് മലമുകളില്‍ ഖനനം നടത്തിയവര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടറും റവന്യൂ അധികൃതരും പറഞ്ഞിരുന്നു. ഉരുള്‍പൊട്ടലിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കാന്‍ സബ് കലക്ടര്‍ വി. വിഘ്‌നേശ്വരിയുടെ നേതൃത്വത്തില്‍ ജിയോളജി വകുപ്പ്, ഗ്രൗണ്ട് വാട്ടര്‍, സി.ഡബ്ല്യു.ആര്‍.ഡി.എം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പഠനം നടത്തുകയും വിവരങ്ങള്‍ ശേഖരിച്ച് രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. പരിസ്ഥതിലോല പ്രദേശത്തു നടന്ന നിര്‍മാണ പ്രവൃത്തികളും ദുരന്തത്തിനു കാരണമായിട്ടുണ്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് വിവരം. പരിസ്ഥിതിലോല പ്രദേശമാണിതെന്നു റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശവുമുണ്ട്.
രണ്ടുമാസം മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും റിപ്പോര്‍ട്ടില്‍ നിര്‍മാണപ്രവൃത്തി നടത്തിയത് ദുരന്തത്തിനു കാരണമായിട്ടുണ്ടെന്നു കണ്ടെത്തിയിട്ടും കുറ്റക്കാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. മാത്രമല്ല, റിപ്പോര്‍ട്ടിലെ വിശദശാംശങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിക്കുകയുമാണ്. ഇതു കുറ്റക്കാരെ സംരക്ഷിക്കാനാണെന്ന സംശയവും ഒരുഭാഗത്ത് ഉയരുന്നുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ താമരശേരി പൊലിസ് അസ്വാഭാവിക മരണത്തിനാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ക്രൈം നമ്പര്‍ 307/2018 ല്‍ സി.ആര്‍.പി.സി 174 സെക്ഷന്‍ വകുപ്പാണ് ചേര്‍ത്തിട്ടുള്ളത്. സബ് കലക്ടറുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടിയെങ്കില്‍ മാത്രമാണ് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കേസില്‍ കുറ്റക്കാരെ പ്രതിചേര്‍ക്കാന്‍ പൊലിസിന് കഴിയുകയുള്ളൂ. ഇതിന് സര്‍ക്കാരിന്റെ നിര്‍ദേശവും ലഭിക്കണം. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും തുടരന്വേഷണത്തിനായി പൊലിസിന് നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനു കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
**********
60 ഏക്കറോളം ഭൂമി സ്വന്തമാക്കിയാണ് മലപ്പുറം എടവണ്ണപ്പാറ സ്വദേശി ദുരന്തം നടക്കുന്നതിന്റെ ആറുമാസങ്ങള്‍ക്കു മുന്‍പ് മലമുകളില്‍ അനധികൃത നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചത്. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നുവരുന്നതിനിടെയാണു ദുരന്തം നടന്നത്.
കരിഞ്ചോല മലയുടെ താഴ്ഭാഗത്തിലൂടെ ടാറിട്ട റോഡ് കടന്നുപോകുന്നുണ്ട്. ഇവിടെനിന്ന് മലമുകളിലേക്കു റോഡ് വെട്ടിയത് ഈയടുത്താണ്. ഇക്കോ ടൂറിസമെന്നും കോഴി വളര്‍ത്തു കേന്ദ്രമെന്നും പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണു നിര്‍മാണം തുടങ്ങിയത്. അതീവ രഹസ്യസ്വഭാവത്തിലായിരുന്നു നിര്‍മാണപ്രവൃത്തി പിന്നീടങ്ങോട്ട് നടന്നത്. ഇതിനിടെ 40 ലക്ഷത്തോളം ലിറ്റര്‍ വെള്ളം ശേഖരിക്കാനുള്ള ജലസംഭരണിക്കായി വലിയ കുഴിതന്നെ മലമുകളില്‍ നിര്‍മിച്ചു കഴിഞ്ഞിരുന്നു. മല തുരന്ന് വന്‍ പാറകള്‍ പൊട്ടിച്ചുമാറ്റുകയും ചെയ്തു. ശബ്ദമലിനീകരണമുണ്ടാകാത്ത രീതിയിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു നിര്‍മാണ പ്രവൃത്തികള്‍. 75 ഡിഗ്രിയോളം ചെരിഞ്ഞതും കുത്തനെയുള്ളതുമായ മലമുകളില്‍ ഇലക്ട്രിക് ഡിറ്റണേറ്റര്‍ ഉപയോഗിച്ചാണ് പാറപൊട്ടിക്കല്‍ ഉള്‍പ്പെടെ നടത്തിയത്. ശബ്ദം ഉണ്ടാകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുവഴി പാറപൊട്ടിച്ചതിന്റെ അടയാളങ്ങള്‍ മലമുകളിലെ അവശേഷിക്കുന്നിടത്തു മായാതെ നില്‍ക്കുന്നുണ്ട്.നിര്‍മാണപ്രവൃത്തി നടന്ന സ്ഥലത്തുനിന്ന് കേവലം 50 മീറ്ററിനടുത്ത ദൂരം മാറിയാണ് മലയിലെ വന്‍ പാറക്കൂട്ടങ്ങള്‍ അടര്‍ന്നു താഴേക്കു പതിച്ചത്. പാറപൊട്ടിക്കാന്‍ സ്‌ഫോടകവസ്തുക്കളും ഉപയോഗിച്ചതായി വിവരമുണ്ട്. ഇതിന്റെ പ്രകമ്പനങ്ങളും ദുരന്തത്തിനു വഴിവച്ചിരിക്കും. തറയില്‍ നിന്ന് 10 മീറ്ററിലധികം ഉയരത്തില്‍ വന്‍ പാറക്കൂട്ടങ്ങള്‍ താഴേക്കു പതിച്ചാണ് അപകടം നടന്നത്. ഇവിടെനിന്ന് പൊട്ടിയ പാറക്കൂട്ടങ്ങള്‍ ഒലിച്ചിറങ്ങി മറ്റൊരു പാറയില്‍ തങ്ങുകയും മൂന്നായി തിരിഞ്ഞ് താഴേക്കു പതിക്കുകയുമായിരുന്നു.
മലമുകളില്‍ എന്തിനാണു ജലസംഭരണി ? എന്തിനാണിവര്‍ പാറക്കൂട്ടങ്ങള്‍ കംപ്രസര്‍ ഉപയോഗിച്ച് പൊട്ടിച്ചുമാറ്റുന്നത് ? ഇക്കോ ടൂറിസമെങ്കില്‍ മരങ്ങള്‍ മുറിക്കുന്നതെന്തിന് ? തുടങ്ങിയ സംശയങ്ങള്‍ നാട്ടുകാരില്‍ പിന്നീട് ഉടലെടുത്തു. അവര്‍ സംഘടിക്കാന്‍ തീരുമാനിച്ചു.
ചിലര്‍ നിര്‍മാണപ്രവൃത്തി നടക്കുന്ന മലമുകളിലെത്തി നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങള്‍ നടത്തുമെന്നും സൂചിപ്പിച്ചതിനെ തുടന്ന് കുറച്ചു ദിവസത്തേക്കു നിര്‍മാണം നിര്‍ത്തിവച്ചു. എന്നാല്‍ പിന്നീട് വീണ്ടും ഖനനം തുടര്‍ന്നു. പ്രദേശത്തു കനത്ത മഴപെയ്യാന്‍ തുടങ്ങിയതോടെ ദുരന്തം നടക്കുന്നതിന്റെ ദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍മാണം നിര്‍ത്തിവച്ചു. അപ്പോഴേക്കും വന്‍ പാരിസ്ഥിതിക ആഘാതത്തിന് ഇടവരുത്തുന്ന തരത്തിലേക്ക് കരിഞ്ചോല മല രൂപാന്തരം പ്രാപിച്ചിരുന്നു.
ദുരന്തം സംഭവിക്കുന്നതിനു മുന്‍പും പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. അന്നൊന്നുംപാറക്കഷ്ണം പോലും പൊട്ടി താഴേക്ക് പതിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അതിനിടെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകളില്‍ പലതും ഇവര്‍ സ്വന്തമാക്കാനുള്ള ശ്രമവും നടന്നു. ഇതിനായി ഇരകള്‍ക്കുമേല്‍ ഇവര്‍ നിരന്തര സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു.
ഒന്നര വര്‍ഷം മുന്‍പുതന്നെ നിര്‍മാണവുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഇവര്‍ ആരംഭിച്ചതിനു തെളിവുകള്‍ നിരവധിയുണ്ട്. എന്നിട്ടും വിഷയത്തില്‍ കൃത്യമായ അന്വേഷണം എന്തുകൊണ്ട് താമരശേരി പൊലിസ് നടത്തിയില്ലെന്ന ചോദ്യം ബാക്കിയാണ്.
നീതിയില്ലെങ്കില്‍ സമരരംഗത്തേക്ക്-റാഫി
താമരശേരി: ഈ ദുരന്തത്തില്‍ എനിക്ക് സര്‍വവും നഷ്ടപ്പെട്ടു. താങ്ങും തണലുമായി നിന്നിരുന്ന കുടുംബത്തിലെ എട്ടുപേരുടെ ജീവനാണ് പൊലിഞ്ഞത്. എന്നെപ്പോലെ ദുഃഖമനുഭവിക്കുന്ന നിരവധിപേരുടെ സ്വപ്നങ്ങള്‍ക്കു മേല്‍ ദുരന്തം കരിനിഴല്‍ വീഴ്ത്തി. ഞങ്ങള്‍ക്കൊക്കെ നീതി വേണം. സ്ഥലംഉടമയുമായി ഞാന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തൃപ്തികരമായ മറുപടിയല്ല ലഭിച്ചത്. അപകടമുണ്ടാക്കിയവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കണം.
ഉംറ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. വിഷയത്തില്‍ തുടര്‍നടപടികള്‍ കൈകൊണ്ടിട്ടില്ലെങ്കില്‍ സമരരംഗത്തേക്കു വരും.
വീടും സ്ഥലവും നഷ്ടപ്പെട്ട നിലയില്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതു ലഭിക്കുന്നതിന് അധികൃതര്‍ തടസം നില്‍ക്കുകയാണ്. ഉമ്മയുടെ പേരില്‍ മറ്റൊരിടത്ത് സ്ഥലമുണ്ടെന്നു പറഞ്ഞാണ് സഹായം മുടക്കുന്നത്. ഇപ്പോള്‍ സഹോദരിയുടെ വീട്ടിലാണു താമസം-റാഫി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."