കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു
കോട്ടയം/തൊടുപുഴ: കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി ദിവസങ്ങളായി തുടരുന്ന ഭിന്നത കൂടുതല്‍ ശക്തമാകുന്നു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന ആവശ്യം ഇന്നലെ ജോസ് കെ. മാണി ഉന്നയിച്ചതിന് പിന്നാലെ ഈ ആവശ്യം തള്ളി പി.ജെ ജോസഫ് രംഗത്തുവന്നു. ഇത്തരമൊരു കീഴ്‌വഴക്കം നിലവിലില്ലെന്നും ഇത് ഭരണഘടനാപരമായി ശരിയല്ല എന്നുമാണ് ജോസഫിന്റെ നിലപാട്. വോട്ടിനിട്ട് ചെയര്‍മാനെ തിരഞ്ഞെടുത്തുവെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) താല്‍കാലിക ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചിലരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. പാര്‍ട്ടിക്കെതിരായ വാര്‍ത്തകള്‍ വന്നതുകൊണ്ടാണ് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചത്. ഇക്കാര്യം പാര്‍ട്ടി ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി വേണം ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്. പാര്‍ട്ടി ഭരണഘടനയനുസരിച്ച് സംസ്ഥാന കമ്മറ്റിയ്ക്കാണ് പരമാധികാരമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
എന്നാല്‍ ഭരണഘടന നല്ലതുപോലെ അറിഞ്ഞുതന്നെയാണ് സംസാരിക്കുന്നതെന്നും കമ്മിറ്റി വിളിച്ചു ചേര്‍ക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് റോഷി അഗസ്റ്റിനും രംഗത്തു വന്നു. പാര്‍ട്ടി ഭരണഘടനയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ടുള്ള പ്രതികരണം മാത്രമാണ് നടത്തിയത്. കത്തിനെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും അതിന് വ്യക്തത വരുത്തണമെന്നും മാത്രമാണ് ആവശ്യപ്പെട്ടതെന്നും റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."