വകുപ്പിനെതിരേ സി.പി.ഐ അധ്യാപക സംഘടന പ്രക്ഷോഭത്തിലേക്ക്
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെയും ഓഫിസിന്റെയും ഏകപക്ഷീയ സമീപനത്തിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കാന്‍ സി.പി.ഐ അനുകൂല അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു തീരുമാനം. വകുപ്പിലും ഭരണത്തിലും സ്വന്തക്കാരുടെ താല്‍പര്യം മാത്രമാണ് മന്ത്രി സ്വീകരിക്കുന്നതെന്നും എ.കെ.എസ്.ടി.യു സംസ്ഥാന ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
പാഠ്യപദ്ധതി പരിഷ്‌കരണ രംഗത്തും സമഗ്രശിക്ഷാ കേരളയുടെ പ്രവര്‍ത്തനങ്ങളിലും സ്വന്തം സംഘടനക്കാരുടെ താവളമാക്കി വകുപ്പിനെ മാറ്റാനാണ് മന്ത്രി ശ്രമിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവില്‍ പോലും എല്ലാവിധ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി സ്വന്തക്കാര്‍ക്കുമാത്രം അവസരം നല്‍കിയിരിക്കുകയാണ്. ഇതിനെതിരേ ശക്തമായി പ്രതികരിച്ചില്ലെങ്കില്‍ അധ്യാപക സമൂഹത്തോട് ചെയ്യുന്ന വിവേചനമായിരിക്കുമെന്നതിനാല്‍ അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും എ.കെ.എസ്.ടി.യു പ്രസിഡന്റ് ഒ.കെ ജയകൃഷ്ണനും ജനറല്‍ സെക്രട്ടറി എന്‍. ശ്രീകുമാറും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."