ബസ് കാത്തുനിന്നവര്ക്കിടയിലേയ്ക്ക് കാര്‍ പാഞ്ഞുകറി 14 പേര്‍ക്ക് പരുക്ക്
അരുര്: നിയന്ത്രണം തെറ്റിയ കാര്‍ അരൂര്‍ ക്ഷേത്രം കവലയില്‍ ബസുകാത്തു നിന്നവര്‍ക്കിടയിലേയ്ക്ക് പാഞ്ഞുകയറി. പതിനാലു പേര്‍ക്ക് പരുക്കേറ്റു. ഇവരെ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. സ്മിത (40), സരസു (61), സുനില്‍കുമാര്‍, പള്ളൂരുത്തി മുല്ലേപ്പറമ്പില്‍ ധന്യ (35), ഫോര്‍ട്ടുകൊച്ചി സ്വദേശി ജയലക്ഷമി (45), അരൂര്‍ സ്വദേശികളായ വാസു (68), ബേബി വാസു (65), ബേബി ശ്രീഹരി (3), ബാബു കെ.ആര്.(36), രമ്യ (29), അജിതകുമാരി (55), പാലാരിവട്ടം സ്വദേശി സീമാ ബിജു (38), തേവര സ്വദേശി തമിഴ് സെല്‍വി (47), അബോധാവസ്ഥയിലുള്ള ഒരു സ്ത്രീ എന്നിവരാണ് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. തെക്കുനിന്ന് വടക്കോട്ട് പോകുകയായിരുന്ന കാര്‍ പഞ്ചായത്ത് ഓഫീസിന് തെക്കാഭാഗത്തുവച്ച് നിയന്ത്രണം തെറ്റി നടപ്പാതയിലൂടെ പാഞ്ഞുവരുകയായിരുന്നു.
കാര്‍ നിയന്ത്രണം തെറ്റി വരുന്നത് കണ്ടവര്‍ ഓടി മാറിയതിനാല്‍ കൂടുതല്‍ പേര്‍ക്ക് പരുക്കേല്‍ക്കാതെ രക്ഷപെടാനായി. വൈകുന്നേരമായതിനാല്‍ ക്ഷേത്രം കവലയില്‍ നല്ല തിരക്കായിരുന്നു. അമിതവേഗത്തില്‍ എത്തിയ കാര്‍ ബസ്സ്റ്റോപ്പില്‍ നിന്നവരെ ഇടിച്ചുവീഴ്ത്തി മുന്നോട്ടുനീങ്ങി കവലയിലെ സിഗ്നല്‍ മീഡിയത്തില്‍ ഇടിച്ചാണ് നിന്നത്.
ബസ് കാത്തുനിന്നരെ കൂടാതെ ഒരു ബൈക്കും സ്ക്കൂട്ടറും കൂടി ഇടിച്ചു തെറിപ്പിച്ചു. തിരുവന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു കാര്‍. അപകടം നടന്ന ഉടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."