വാളയാറില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി
പാലക്കാട്: പാലക്കാട് വാളയാറില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം നാലായി. വാളയാറിലെ പുതുശ്ശേരി പഞ്ചായത്തില്‍ ചെല്ലങ്കാവ് ആദിവാസി കോളനിയിലാണ് ഇന്നലെയും ഇന്നുമായാണ് നാലുപേര്‍ മരിച്ചത്. വ്യാജമദ്യം കഴിച്ച് അവശനിലയിലായ ഒരാള്‍ക്കൂടിയാണ് മരിച്ചത്. ചെല്ലന്‍ കാവ് സ്വദേശി മൂര്‍ത്തി ആണ് ഒടുവില്‍ മരിച്ചത്.
അവശനിലയില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് പാലക്കാട് സുല്‍ത്താന്‍പേട്ടയില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലെ രാമന്‍, അയ്യപ്പന്‍, ശിവന്‍ മൂര്‍ത്തി എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് ഇവര്‍ മദ്യം കഴിച്ചത്. വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്ന് സംശയമുണ്ടായിരുന്നു. തിങ്കളാച രാവിലെ ശിവനെ മരിച്ച നിലയില്‍ കണ്ടതോടെയാണ് മദ്യദുരന്തമെന്ന സംശയം ഉയരുന്നത്. ഇവരെല്ലാം കഴിഞ്ഞ ദിവസം അമിതമായി മദ്യപിച്ചിരുന്നെന്നും ശിവനാണ് മദ്യമെത്തിച്ചതെന്നും കോളനി നിവാസികള്‍ പറയുന്നത്.
അടക്കം ചെയ്ത മൃതദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകൂ. ലഹരിക്ക് വീര്യം കൂട്ടാന്‍ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."