ത്യാഗരാജാര്‍ എജ്യുക്കേഷന്‍ സെന്റര്‍: പൊലിസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചക്കിടെ സംഘര്‍ഷം
പുതുക്കാട്: അളഗപ്പനഗര്‍ ത്യാഗരാജാര്‍ എജ്യുക്കേഷന്‍ സെന്ററില്‍ ഇന്നലെ പൊലിസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച സംഘര്‍ഷത്തെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു. മാനേജ്മെന്റ് പ്രതിനിധികളും വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചര്‍ച്ച സംഘര്‍ഷത്തെ തുടര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു.
ചര്‍ച്ചയില്‍ പങ്കെടുത്ത മാനേജ്മെന്റ് അംഗങ്ങള്‍ ഡിസംബര്‍ മാസത്തിനു മുന്‍പ് തുല്യത സര്‍ട്ടിഫിക്കറ്റ് ശരിയാക്കാമെന്ന് പറഞ്ഞെങ്കിലും വിദ്യാര്‍ഥികളും രക്ഷിതാക്കളും അംഗീകരിച്ചില്ല. മനേജ്മെന്റിനെ വിശ്വാസത്തിലെടുക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥികള്‍ തുടര്‍പഠനത്തിന് അവസരം ഉറപ്പാക്കണമെന്ന നിലപാടിലായിരുന്നു.
കഴിഞ്ഞ ദിവസം ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മാനേജ്മെന്റ് പ്രതിനിധികള്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് പൊലിസിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക്കിന് അനുബന്ധമായി പ്രവര്‍ത്തിക്കുന്ന എജ്യുക്കേഷന്‍ സെന്ററില്‍ നടത്തുന്ന കോഴ്സിന് 2013 നു ശേഷം അംഗീകാരം പുതുക്കിയിട്ടില്ലെന്ന് പൊലിസും അറിയിച്ചിരുന്നു.
ഇവിടെ ടെക്നിക്കല്‍ എന്ജീനീയേഴ്സ് മെമ്പര്‍ഷിപ്പ് കോഴ്സിന് ചേര്‍ന്നവരെ പരീക്ഷയില്‍ കൂട്ടത്തോടെ തോല്പിക്കുന്നുവെന്നും ജയിക്കുന്നവര്‍ക്ക് തുല്യത സര്‍ട്ടിഫിക്കറ്റ് നല്കുന്നില്ലെന്നുമാണ് വിദ്യാര്‍ഥികളുടെ ആരോപണം. എന്നാല്‍ കോഴ്സിന്റെ അംഗീകാരം സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു മൂലം തുല്യത സര്‍ട്ടിഫിക്കറ്റ് നല്കുന്നതിനു മാത്രമാണ് തടസ്സമുള്ളതെന്നും എഡ്യുക്കേഷന്‍ സെന്റര്‍ മാനേജര്‍ ഫാ. ജിജോ പറഞ്ഞു. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസും നിലവിലുണ്ട്. പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കുമെന്നും മാനേജര്‍ അറിയിച്ചു. നാളെ പുതുക്കാട് പൊലിസ് എസ്.എച്ച്.ഒ യുടെ ഓഫിസില്‍ വീണ്ടും ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."