ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു 12 ദിവസത്തിനുള്ളില്‍ 25 പേര്‍ പനി ബാധിതരായി
കൊച്ചി: മഴ തുടങ്ങിയതോട ജില്ല പകര്‍ച്ചവ്യാധി ഭീഷണിയില്‍. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നി രോഗങ്ങളാണ് ജില്ലയില്‍ പടര്‍ന്നു പിടിക്കുന്നത്. ജില്ല ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ 12 ദിവസത്തിനുള്ളില്‍ 25 പേര്‍ക്കാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ യഥാര്‍ഥകണക്ക് ഇതിലും അധികമാണ്. ഡെങ്കി ബാധിച്ച് സ്വകാര്യ ആശുപത്രികളിലില്‍ ചികിത്സ തേടിയവരുടെ കൃത്യമായ എണ്ണത്തെക്കുറിച്ച് ആരോഗ്യവകുപ്പിന് കൃത്യമായ വിവരമില്ല.
ജനുവരി മുതല്‍ മെയ് വരെ 72 ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 25 കേസുകളും റിപ്പോര്‍ട്ട് ചെയ്തത് മെയ് മാസത്തിലാണെന്ന് ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. ഇക്കാലയളവില്‍ 38 എലിപ്പനി, 77 ഹെപ്പറ്റൈറ്റീസ് എ കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ തുടങ്ങിയതോടെ പനിബാധിതരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതിനൊന്നും ഫലപ്രദമാകുന്നില്ലെന്നാണ് പകര്‍ച്ചവ്യാധി ബാധിതരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതോടെ ജനങ്ങള്‍ക്ക് മുന്‍കരുതലുമായി ആരോഗ്യവകുപ്പ് രംഗത്ത് എത്തിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വീടുകള്‍ കയറി ബോധവല്‍കരണം നടത്തുന്നുണ്ട്.
വീട്ടിലും പരിസരത്തും മഴവെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുവാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വീടിനു ചുറ്റും വളര്‍ന്നു നില്‍ക്കുന്ന പാഴ്‌ചെടികളില്‍ കൊതുകുകള്‍ വിശ്രമിക്കാന്‍ ഇടയുള്ളതിനാല്‍ അവയും നീക്കംചെയ്യണം. കുളങ്ങള്‍, തോടുകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിലെ പായലുകളും നീക്കം ചെയ്യണം. കിണറുകളിലും ജലസ്രോതസുകളിലും കൊതുകിന്റെ കൂത്താടികളെ തിന്നു നശിപ്പിക്കുന്ന ഗപ്പി പോലുള്ള മത്സ്യങ്ങളെ വളര്‍ത്തണം.
കിണറുകളുടെ ശുചീകരണവും നടത്തണം. ഇതിനായി ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യണം. കിണറിലെ വെള്ളത്തിനനുസരിച്ച് 1000 ലിറ്റര്‍ വെള്ളത്തിന് 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ എന്ന തോതില്‍ ആവശ്യമുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഒരു കപ്പില്‍ കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ്‌രൂപത്തിലാക്കി അര ബക്കറ്റ വെള്ളത്തില്‍ നേര്‍പ്പിക്കുക.
10 മിനിറ്റിന് ശേഷം തെളിനീര് ഊറ്റി തൊട്ടിയിലാക്കി കിണറ്റില്‍ ഇറക്കി നല്ല രീതിയില്‍ ഇളക്കുക. 2 മണിക്കൂറിന് ശേഷം വെള്ളം കുടിക്കുവാന്‍ ഉപയോഗിക്കാം. ബ്ലീച്ചിംഗ് പൗഡര്‍ സൗജന്യമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ നിന്നോ ആശാ പ്രവര്‍ത്തകരില്‍ നിന്നോ ലഭിക്കും. സംശയനിവാരണത്തിനായി (ഐഡിയ, ബി.എസ്.എന്‍.എല്‍, റിലയന്‍സ് എന്നീ നെറ്റ് വര്‍ക്കുകളില്‍ നിന്ന് 1056 എന്ന നമ്പറിലേക്കും മറ്റു നെറ്റ് വര്‍ക്കുകളില്‍ നിന്ന 04712552056 എന്ന നമ്പറിലേക്കും വിളിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."