പവര്‍കട്ടില്ലാതെ കഷ്ടിച്ച് വേനല്‍ കടന്നു; ഊര്‍ജ മേഖല സുരക്ഷിതമല്ലെന്ന് ബോര്‍ഡ്
തൊടുപുഴ: തെരഞ്ഞെടുപ്പ് - പരീക്ഷാക്കാല വെല്ലുവിളികളെ അതിജീവിച്ച് പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ലാതെ ഒരു വേനല്‍ കൂടി കടന്നു. ജൂണ്‍ ഒന്നിന് 450 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരണികളില്‍ കരുതലുണ്ടാകണമെന്നതാണ് കെ.എസ്.ഇ.ബി യുടെ ജലവിനിയോഗ തത്വം.
666.268 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് ഇന്നലെ രാവിലത്തെ കണക്കനുസരിച്ച് എല്ലാ അണക്കെട്ടുകളിലുമായി ഉള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേസമയം 983.687 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. 2018 ല്‍ 501.891 യൂനിറ്റിനുള്ള വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്.
ഓരോ ദിവസവും റെക്കോഡ് തിരുത്തി ഉപയോഗം കുതിക്കുകയായിരുന്നു. സംസ്ഥാന ചരിത്രത്തിലെ ഉയര്‍ന്ന പ്രതിദിന വൈദ്യുതി ഉപയോഗമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. വോട്ടെണ്ണല്‍ ദിനമായ മെയ് 23 ലെ 88.336 ദശലക്ഷം യൂനിറ്റാണ് റെക്കോഡ്. ഏപ്രില്‍ 13 ലെ 88.102 എന്ന റെക്കോഡാണ് വോട്ടെണ്ണല്‍ ദിനത്തില്‍ തകര്‍ന്നത്.
2018 ലെ ഉയര്‍ന്ന പ്രതിദിന ഉപയോഗം 77.579 ദശലക്ഷം യൂനിറ്റായിരുന്നു. വൈദ്യുതി ഉപയോഗം ഇപ്പോഴും ഉയരത്തില്‍ തന്നെ തുടരുകയാണ്. 84.82 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. ഇതില്‍ 62.551 ദശലക്ഷം യൂനിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോള്‍ 22.271 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉല്‍പ്പാദിപ്പിച്ചു. കൂടുതല്‍ വൈദ്യുതി പുറത്തുനിന്നും എത്തിച്ച റെക്കോഡും ഈ വര്‍ഷമാണ്. ഏപ്രില്‍ 9ന് 64.0665 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കേന്ദ്രപൂളില്‍ നിന്നും ദീര്‍ഘകാല കരാര്‍ പ്രകാരവും എത്തിച്ചത്. കോഴിക്കോട് അരീക്കോട് 2018 ല്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചതിന് പിന്നാലെ 2950 മെഗാവാട്ട് വരെ വൈദ്യുതി സംസ്ഥാനത്തേക്ക് ഒരു സമയം കൊണ്ടുവരാന്‍ സാധിക്കും.
ഒരു ദിവസം പരമാവധി 68.3 ദശലക്ഷം യൂണിറ്റ് വരെ.
വൈദ്യുതി ബോര്‍ഡ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ വിഭാഗത്തിന് കീഴില്‍ കളമശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മികവാണ് കടുത്ത പ്രതിസന്ധിയിലും കാര്യമായ വൈദ്യുതി നിയന്ത്രണംപോലുമേര്‍പ്പെടുത്താതെ വേനല്‍ കടത്താന്‍ സഹായകമായത്. ഇപ്പോഴത്തെ സ്ഥിതിയില്‍ സംസ്ഥാനത്തെ ഊര്‍ജ മേഖല സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം വൈകിയാല്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നുറപ്പാണ്. പ്രതീക്ഷിച്ച വേനല്‍ മഴയുടെ പകുതി പോലും ഇക്കുറി ലഭിച്ചില്ല. മൊത്തം സംഭരണ ശേഷിയുടെ 16 ശതമാനം വെള്ളം മാത്രമാണ് എല്ലാ അണക്കെട്ടുകളിലുമായി നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."