ഉത്തര കൊറിയയില്‍ അഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മരണശിക്ഷ നടപ്പാക്കി
ശിക്ഷ ട്രംപുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിന്
സോള്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് യു.എസിലെ പ്രത്യേക സ്ഥാനപതി ഉള്‍പ്പെടെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉത്തരകൊറിയന്‍ മേധാവി കിം ജോങ് ഉന്‍ വകവരുത്തി.
ദക്ഷിണകൊറിയന്‍ ദിനപത്രം ചോസുന്‍ എല്‍ബോ ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിനാണ് അഞ്ച് ഉദ്യോഗസ്ഥരെ കിം വകവരുത്തിയത്.
ഹാനോയ് ഉച്ചകോടിയുടെ ഒരുക്കങ്ങളുമായി കിമ്മിനൊപ്പം സജീവമായിരുന്ന കിം ഹ്യോക് ചോലി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് മരണശിക്ഷ നടപ്പാക്കിയത്.
രാജ്യത്തിന്റെ പരമോന്നത നേതാവിനെ വഞ്ചിച്ചതിന്റെ പേരിലാണ് കിമ്മിന്റെ ഫയറിങ് സ്‌ക്വാഡ് ഉന്നത ഉദ്യോഗസ്ഥരുടെ ശിക്ഷ നടപ്പാക്കിയതെന്നാണ് വിവരം.
വിഷയത്തില്‍ വിശദമായ അന്വേഷണത്തിനു ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് കിം ഹ്യോക് ചോലിനെയും നാല് വിദേശകാര്യ ഉദ്യോഗസ്ഥരെയും വധിച്ചത്.
മിറിം വിമാനത്താവളത്തില്‍ വച്ചാണ് ശിക്ഷ നടപ്പാക്കിയത്.
എന്നാല്‍ കിം ഹ്യോക് ചോലിനൊപ്പം കൊലചെയ്യപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
അതിനിടെ, ഹാനോയ് ഉച്ചകോടിക്കിടെ പരിഭാഷയില്‍ സംഭവിച്ച തെറ്റിന്റെ പേരില്‍ കിമ്മിന്റെ ദ്വിഭാഷി ഷിന്‍ ഹെ യോങ്ങിനെ ജയിലിലടച്ചതായും വിവരമുണ്ട്.
കരാറിനില്ലെന്നു യു.എസ് പ്രസിഡന്റ് അറിയിച്ചപ്പോള്‍ കിമ്മിന്റെ പുതിയ നിര്‍ദേശം പരിഭാഷപ്പെടുത്താന്‍ അവര്‍ക്കു സാധിച്ചില്ലെന്നതാണു കുറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."