തിരിച്ചടവില്‍ വീഴ്ച വരുത്തി റബ്‌കോയും റബര്‍മാര്‍ക്കും
തിരുവനന്തപുരം: കോടികളുടെ വായ്പാതിരിച്ചടവില്‍ വീഴ്ച വരുത്തി സര്‍ക്കാരിനെ വെട്ടിലാക്കി റബ്‌കോയും റബര്‍മാര്‍ക്കും.
കോടികളുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും റബ്‌കോയും റബര്‍മാര്‍ക്കും തിരിച്ചടവ് തുടങ്ങിയിട്ടില്ല.
റബ്‌കോ ഭരണസമിതി 238 കോടിയും റബര്‍മാര്‍ക്ക് 41 കോടി രൂപയുമാണ് സര്‍ക്കാരിന് നല്‍കാനുള്ളത്. കൊവിഡ് പ്രതിസന്ധിയായതിനാല്‍ നിലവില്‍ തിരിച്ചടവ് സാധ്യമല്ലെന്നാണ് രണ്ട് സ്ഥാപനങ്ങളുടെയും നിലപാട്.
കേരള ബാങ്ക് രൂപീകരണ സമയത്താണ് റബ്‌കോ, റബര്‍മാര്‍ക്, മാര്‍ക്കറ്റ് ഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളുടെ ഭീമമായ ബാധ്യത സര്‍ക്കാര്‍ അടച്ചുതീര്‍ത്തത്. സംസ്ഥാന സഹകരണ ബാങ്കിലെയും ജില്ലാ സഹകരണ ബാങ്കുകളിലെയും വായ്പകള്‍ കോടികളുടെ പലിശ ഒഴിവാക്കി ഒറ്റത്തവണയില്‍ അടച്ച് സര്‍ക്കാര്‍ തീര്‍പ്പാക്കി.
റബ്‌കോ 238 കോടിയും റബര്‍മാര്‍ക്ക് 41 കോടിയും മാര്‍ക്കറ്റ് ഫെഡ് 27 കോടിയും സര്‍ക്കാരിലേക്ക് തിരിച്ചടക്കണമെന്നതായിരുന്നു വ്യവസ്ഥ. ഇതുസംബന്ധിച്ച് റബ്‌കോയുമായും റബര്‍മാര്‍ക്കുമായും സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പിട്ടു.
എന്നാല്‍ ആദ്യ വര്‍ഷം പിന്നിടുമ്പോള്‍ റബ്‌കോയും റബര്‍മാര്‍ക്കും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. സര്‍ക്കാര്‍ തിരിച്ചു നല്‍കാനുള്ള തുക ക്രമപ്പെടുത്തിയ ശേഷം മാര്‍ക്കറ്റ് ഫെഡിന് ഇനി മൂന്ന് കോടിയാണ് ബാധ്യത. റബ്‌കോ 20 ഗഡുവായും റബര്‍മാര്‍ക്ക് 11 തവണയായുമാണ് സര്‍ക്കാരിനുള്ള കടം തിരിച്ചടയ്‌ക്കേണ്ടത്. ഈ കടം എന്നു തിരിച്ചടയ്ക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."