സ്വകാര്യ സ്കൂള്‍ അധ്യാപികയെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചതായി പരാതി
കൊട്ടാരക്ക: തെക്കന്‍ കേരളത്തിലെ പ്രമുഖ സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയെ പ്രിന്‍സിപ്പല്‍ മര്‍ദിച്ചതായി പരാതി. കൊട്ടാരക്കര ചക്കുവരക്കല്‍ സുരഭിയില്‍ ഉഷാകുമാരിയെയാ(47)ണ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ബീനാ ജേക്കബ് സ്കൂളില്‍ വച്ച് മര്‍ദിച്ചതായി പരാതി.
പരുക്കേറ്റ അധ്യാപിക കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. കിളിമാനൂരിലെ സ്വകാര്യ സ്കൂളിലെ ഹിന്ദി അധ്യാപികയാണ് ഉഷാകുമാരി. ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്കൂള്‍ വരാന്തയില്‍ വച്ചാണ് തന്നെ മര്‍ദിച്ചതെന്ന് ഉഷാകുമാരി പൊലിസില്‍ നല്കിയ മൊഴിയില്‍ പറയുന്നു.
പ്രിന്‍സിപ്പലുമായി കുറച്ച് നാളുകളായി പ്രശ്നങ്ങള്‍ നിലനിന്നു വരുകയായിരുന്നു. ഏഴ് വര്‍ഷമായി ഈ മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളുകളില്‍ ജോലി ചെയ്തു വരുകയായിരുന്ന തന്നെ പിരിച്ചു വിടാനുള്ള മാനേജ്മെന്റിന്റെ ശ്രമത്തെ കോടതി വഴി അധ്യാപിക തടഞ്ഞിരുന്നു.
അന്ന് മുതല്‍ പ്രിന്‍സിപ്പല്‍ വൈരാഗ്യ ബുദ്ധിയോടെയാണ് തന്നോട് പെരുമാറി വന്നിരുന്നതെന്നും ഉഷാകുമാരി പറയുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദിച്ചതെന്നും അവര്‍ പൊലിസിന് നല്കിയ മൊഴിയില്‍ പറയുന്നു. മര്‍ദനമേറ്റതിനെ തുടര്‍ന്ന് കിളിമാനൂരിലുള്ള സ്കൂളില്‍ നിന്നും ചക്കുവരയ്ക്കലുള്ള വീട്ടിലേക്ക് തിരിച്ച അധ്യാപികയ്ക്ക് വഴി മധ്യകൊട്ടാരക്കരയില് വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ഭര്‍ത്താവിനെ അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവെത്തി കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉഷാകുമാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടത്തി വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."