പ്രാദേശിക സഖ്യത്തിന് ധാരണയായെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യങ്ങള്‍ക്ക് യു.ഡി.എഫുമായി ധാരണയായെന്ന വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യു.ഡി.എഫിനുള്ളില്‍ ആശയക്കുഴപ്പം. നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയെങ്കിലും വെളിപ്പെടുത്തല്‍ യു.ഡി.എഫിലെ ഘടകകക്ഷികളില്‍ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വാധീനമുള്ള വാര്‍ഡുകളില്‍ വെല്‍ഫയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് പ്രാദേശിക സഖ്യത്തിന് ധാരണയായെതെന്നുമായിരുന്നു ഇന്നലെ വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലത്തിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം യു.ഡി.എഫ് കണ്‍വിനര്‍ എം.എം ഹസന്‍ ജമാഅത്തെ ഇസ്‌ലാമി അമീറിനെ സന്ദര്‍ശിച്ചതിനു ശേഷമാണ് പ്രാദേശിക സഖ്യമെന്ന വെളിപ്പെടുത്തലുണ്ടായത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യമില്ലായിരുന്നുവെന്നും സൗഹൃദസന്ദര്‍ശനം മാത്രമായിരുന്നുവെന്നും എം.എം ഹസന്‍ പിന്നീട് പ്രതികരിച്ചിരുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് രാഷ്ട്രീയസഖ്യമുണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രചാരണം അടിസ്ഥാനരഹിതമാണെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.
അതേ സമയം വെല്‍ഫയര്‍ പാര്‍ട്ടിയുമായിട്ടുള്ള യു.ഡി.എഫ് ബാന്ധവ നീക്കത്തിനെതിരേ ആര്‍.എസ്.പിയും രംഗത്തെത്തി. യു.ഡി.എഫ് വിപുലീകരണ ചര്‍ച്ച നടന്നിട്ടില്ലെന്നും തല്‍കാലം പുറത്തുനിന്ന് ആരെയും മുന്നണിയിലെടുക്കേണ്ടെന്ന തീരുമാനത്തിലാണ് മുന്നോട്ടുപോകുന്നതെന്നും ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസും കേന്ദ്ര സെക്രട്ടറിയേറ്റംഗം ബേബിജോണും കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."