വാളയാര്‍ വ്യാജ മദ്യദുരന്തത്തില്‍ നിര്‍ണായക തെളിവ്: വിഷദ്രാവകം അടങ്ങിയ കന്നാസ് കണ്ടെത്തി, ഇത് കുടിച്ചാകാം മരണമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം
പാലക്കാട്: വാളയാര്‍ വ്യാജ മദ്യദുരന്തത്തില്‍ പൊലിസിന് നിര്‍ണായക തെളിവ്. ചെല്ലങ്കാവ് ആദിവാസി കോളനിയ്ക്ക് സമീപം പൊലിസ് നടത്തിയ പരിശോധനയില്‍ വിഷദ്രാവകം അടങ്ങിയ കന്നാസ് കണ്ടെത്തി. ഇത് കുടിച്ചാകാം മരണം സംഭവിച്ചത് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. രാസ പരിശോധന ഫലം ലഭിച്ചതിന് ശേഷമേ ദ്രാവകം എന്താണെന്ന് സ്ഥിരീകരിയ്ക്കൂ.
ചെല്ലങ്കാവ് ആദിവാസി കോളനിയില്‍നിന്ന് ഇരുന്നൂറ് മീറ്ററോളം അകലെ കുറ്റിക്കാട്ടിലാണ് ദ്രാവകമടങ്ങിയ കന്നാസ് കണ്ടെത്തിയത്. 35 ലിറ്റര്‍ ശേഷിയുള്ള കന്നാസില്‍ 12 ലിറ്ററോളം ദ്രാവകം ഉണ്ടായിരുന്നു. ഇത് വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സ്പിരിറ്റാണോ എന്ന് സംശയമുണ്ട്. വ്യക്തതക്കായി രാസപരിശോധനാഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം. കോളനിയിലേക്ക് മദ്യം എത്തിച്ച ശിവന്റെ കൈവശം ഇതിനു സമാനമായ കന്നാസ് ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
സംഭവത്തില്‍ പൊലിസ് - എക്സൈസ് അന്വേഷണം തുടരുകയാണ്. നര്‍ക്കോട്ടിക്ക് സെല്‍ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മദ്യത്തിലടങ്ങിയ വിഷാംശമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിസര്‍ട്ടില്‍ തെളിഞ്ഞിരുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് അഞ്ച് പേര് വ്യാജമദ്യം കഴിച്ച് മരിച്ചത്. രാമന് എന്നയാള്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു.
ആരോഗ്യ വകുപ്പിന്റെ നിര്‍ദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്കരിച്ചു. ഇതിന് പിന്നാലെ തിങ്കളാഴ്ച രാവിലെ ഇവര്‍ക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിച്ചു. ഇതോടെ നാട്ടുകാര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മൂര്‍ത്തിയെന്ന യുവാവ് അവിടെ നിന്ന് മുങ്ങി. ഇയാളെ പിന്നീട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വ്യാജമദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അരുണാണ് അവസാനം മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."