പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം: സ്‌കോള്‍ കേരളക്ക് കോടികളുടെ വരുമാനം
എ.കെ ഫസലുറഹ്മാന്‍
മലപ്പുറം: പ്ലസ്‌വണ്‍ സീറ്റ് ക്ഷാമം കാരണം മറുവഴി തേടുന്ന വിദ്യാര്‍ഥികള്‍ വഴി സ്‌കോള്‍ കേരളക്ക് ലഭിക്കുന്നത്് കോടികളുടെ വരുമാനം. റെഗുലര്‍ സ്ട്രീമില്‍ തുടര്‍പഠനത്തിന് സീറ്റില്ലാത്ത അറുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ ഒരോ വര്‍ഷവും തുടര്‍പഠനം നടത്തുന്നത്് സ്‌കോള്‍ കേരള (പഴയ ഓപ്പണ്‍സ്‌കൂള്‍) വഴിയാണ്. ഓപ്പണ്‍ റെഗുലര്‍, ഓപ്പണ്‍ പ്രൈവറ്റ് എന്നിങ്ങനെ രണ്ടു സ്്ട്രീമുകളിലായാണ് സ്‌കോള്‍ കേരളയുടെ പ്രവര്‍ത്തനം. അപേക്ഷകരായി എത്തുന്നവരില്‍ 95 ശതമാനത്തിനു മുകളിലും പ്രൈവറ്റ് രീതിയാണ് തിരഞ്ഞെടുക്കുന്നത്്.
ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗത്തില്‍ തിരഞ്ഞെടുത്ത കോമ്പിനേഷനുകളില്‍ പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങളിലാണ് പ്രൈവറ്റ് രജിസ്‌ട്രേഷന് സൗകര്യമുള്ളത്. രജിസ്‌ട്രേഷന്‍ ഫീസിനത്തില്‍ മാത്രം ഓരോ വിദ്യാര്‍ഥിയില്‍ നിന്നും 560 രൂപ തോതില്‍ ഒരോ വര്‍ഷവും സ്‌കോള്‍ കേരളക്ക് ലഭിക്കുന്നത് മൂന്നുകോടിയിലധികം രൂപയാണ്. കഴിഞ്ഞ വര്‍ഷം സ്‌കോള്‍ കേരള വഴി സംസ്ഥാനത്താകെ 58,529 വിദ്യാര്‍ഥികളാണ് പ്രവേശനം നേടിയത്്. 560 രൂപ തോതില്‍ കണക്കാക്കിയാല്‍ തന്നെ ഇവര്‍ നല്‍കിയത്് 3.27 കോടി രൂപയാണ്.
അണ്‍ എയ്ഡഡ് സ്‌കൂളുകളെ അപേക്ഷിച്ച് ഫീസ് കുറവാണെങ്കിലും സ്‌കോള്‍ കേരള വഴി പ്രൈവറ്റ് പഠനം നടത്തുന്നവരില്‍ ഭൂരിഭാഗവും പാരലല്‍ കോളജുകള്‍ക്ക് വേറെയും ഫീസ് നല്‍കേണ്ട സ്ഥിതിയാണ്. പതിനായിരത്തിന് മുകളിലോട്ടാണ് പാരലല്‍ കോളജുകളിലെ ഫീസ് നിരക്ക്്. ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ സയന്‍സ് ഗ്രൂപ്പില്‍ ഉള്‍പ്പെടെ പ്രാക്ടിക്കലുള്ള, തെരഞ്ഞെടുത്ത വിഷയ കോമ്പിനേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്്. തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുക. സ്വയംപഠനസഹായികളും, ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളില്‍ സമ്പര്‍ക്ക ക്ലാസുകളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാണ്. ഇതിനായി വിദ്യാര്‍ഥികളില്‍നിന്ന് 2,100 മുതല്‍ 4,050 രൂപ വരെ സ്‌കോള്‍ കേരള ഈടാക്കുന്നുണ്ട്്.
ഇത്തരത്തില്‍ സ്‌കോള്‍ കേരള വഴി പഠനം നടത്തുന്നവരില്‍ ഭൂരിഭാഗവും മലബാര്‍ ജില്ലകളില്‍ നിന്നാണ്. നിലവില്‍ പഠനം നടത്തുന്ന 58,529 വിദ്യാര്‍ഥികളില്‍ 36,184 പേര്‍ (61.82 ശതമാനം) മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ്. മലപ്പുറം ജില്ലയില്‍നിന്ന് മാത്രം 21,392 (36.54 ശതമാനം) വിദ്യാര്‍ഥികളുണ്ട്. പാലക്കാട് (8,196), കോഴിക്കോട് (6,596) എന്നിങ്ങനെയാണ് കണക്ക്. ആവശ്യത്തിലധികം പ്ലസ്‌വണ്‍ സീറ്റുകളുള്ള പത്തനംതിട്ട ജില്ലയില്‍നിന്ന് 55 വിദ്യാര്‍ഥികള്‍ മാത്രമാണ് സ്‌കോള്‍ കേരള വഴി പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."