ബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും സി.പി.എം-കോണ്‍. സഖ്യം
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം നടന്ന പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ്-സി.പി.എം സഖ്യം ആസന്നമായ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും പരീക്ഷിക്കപ്പെടുന്നു.
കഴിഞ്ഞവര്‍ഷത്തേതു പോലെ ഔദ്യോഗിക സഖ്യമായിട്ടാവില്ല ഇരുകക്ഷികളും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മറിച്ച് 'സീറ്റ് പങ്കിടുക' മാത്രമാണ് ചെയ്യുകയെന്നാണ് നടപടിയെ സി.പി.എം വിശേഷിപ്പിക്കുന്നത്.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരായ ജനാധിപത്യ-മതേതര കക്ഷികളുടെ ഐക്യമായാണ് ഇതിനെ കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഉത്തര ഡിഞ്ചാപൂര് ജില്ലയിലെ റായ്ഗഞ്ച്, മുര്‍ഷിദാബാദിലെ ദുംകല്, ദക്ഷിണ 24 പര്‍ഗാനയിലെ പുജാലി മുനിസിപ്പിലാറ്റികളില്‍ പരസ്യമായ ധാരണയോടെയാണ് ഇരുകക്ഷികളും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അടുത്തയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 294 നിയമസഭാസീറ്റുകളിലേക്ക് കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ 211 സീറ്റുകളോടെ തൃണമൂല്‍ ഭരണം നിലനിര്‍ത്തുകയായിരുന്നു. കോണ്‍ഗ്രസ് 44 സീറ്റുകളോടെ നില മെച്ചപ്പെടുത്തിയെങ്കിലും രണ്ടര പതിറ്റാണ്ടോളം സംസ്ഥാനം തുടര്‍ച്ചയായി ഭരിച്ച സി.പി.എമ്മിന് 25 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്‍കൈയെടുത്തു പരീക്ഷിച്ച കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ശക്തമായ ചേരിപ്പോര് രൂപപ്പെട്ടിരുന്നു. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിനെ മുഖ്യശത്രുവായി കണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്തുനിന്നുള്ള നേതാക്കള്‍ ബംഗാള്‍ ഘടകത്തിന്റെ നടപടിയെ വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."