ബാലഭാസ്‌കറിന്റെ മരണം: പ്രകാശ് തമ്പിയുടെ മൊഴിയെടുക്കല്‍ വൈകും
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പിയുടെ മൊഴി രേഖപ്പെടുത്തുന്നത് വൈകും. ക്രൈംബ്രാഞ്ചിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പ്രകാശ് തമ്പിയെ കസ്റ്റഡിയില്‍ വാങ്ങാനാകൂ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഡി.ആര്‍.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രകാശ് ജയിലില്‍ കഴിയുന്നത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍കൂടി പ്രതികളായ കേസില്‍ സി.ബി.ഐയും ഇടപെട്ടിട്ടുണ്ട്. സി.ബി.ഐ പ്രകാശിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. അങ്ങിനെയെങ്കില്‍ സി.ബി.ഐയുടെ ചോദ്യം ചെയ്യലിന് ശേഷമേ ക്രൈംബ്രാഞ്ചിന് പ്രകാശ് തമ്പിയെ വിട്ടുനല്‍കൂ. ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും പ്രകാശ് തമ്പിയുടെ മൊഴിയെടുക്കുന്നത്.
അതേസമയം, ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പെട്ട സമയത്ത് സ്ഥലത്തുനിന്ന് രണ്ടുപേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടെന്നും ഇത് പ്രകാശ് തമ്പിയോട് പറഞ്ഞപ്പോള്‍ അത് ശ്രദ്ധിക്കാത്ത മട്ടിലാണ് ഇയാള്‍ പെരുമാറിയതെന്നും വെളിപ്പെടുത്തിയ ദൃക്‌സാക്ഷി കലാഭവന്‍ സോബി ജോര്‍ജിന്റെ മൊഴി ക്രൈംബ്രാഞ്ച് രണ്ട് ദിവസത്തിനകം രേഖപ്പെടുത്തും.
ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് ആശുപത്രിയിലായ ശേഷവും മരണശേഷവും എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് പ്രകാശ് തമ്പിയായിരുന്നെന്ന് നേരത്തേ ബന്ധു പ്രിയ വേണുഗോപാല്‍ വെളിപ്പെടുത്തിയിരുന്നു.
ബാലഭാസ്‌കറിന് അപകടം നടന്നപ്പോള്‍ മുതല്‍ തങ്ങള്‍ സാക്ഷിയാകേണ്ടിവന്ന അനേകം നാടകങ്ങള്‍ക്ക് ഇപ്പോള്‍വന്ന ഈ സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധമുണ്ടോ എന്ന് സംശയിക്കുന്നുവെന്നാണ് പോസ്റ്റ്. ആദ്യദിവസം മുതല്‍ തങ്ങള്‍ സംശയിച്ചിരുന്ന ആളുകള്‍ തന്നെ ഈ കേസില്‍ അപ്രതീക്ഷിതമായി പ്രതിസ്ഥാനത്ത് വരുമ്പോള്‍ ഇതെല്ലാം തമ്മില്‍ ബന്ധമില്ല എന്ന് വിശ്വസിക്കാനാവുന്നില്ല.
ബാലുവിന് സാമ്പത്തിക കാര്യങ്ങളില്‍ വല്ലാത്ത ടെന്‍ഷനായിരുന്നു എന്നു മാത്രമറിയാം. അതിനാലാണ് അതെല്ലാം നോക്കിനടത്താന്‍ 'ഇത്രയും വിശ്വസ്തരെ' കൂടെക്കൂട്ടിയത്. സത്യം എന്തായാലും അത് പുറത്തുവരട്ടെയെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ബാലഭാസ്‌കറിന്റെ വിവാഹവും കുടുംബത്തോട് അകന്നു കഴിഞ്ഞതും ഭാര്യ ലക്ഷ്മിയുടെ കുടുംബത്തോടുള്ള പെരുമാറ്റവും സംശയത്തിന് ഇടയാക്കിയിട്ടുണ്ടെന്നും പ്രിയ വേണുഗോപാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്‌കറുമായി നല്ല അടുപ്പമുണ്ടായിരുന്നെന്ന് തെളിവുകള്‍ പുറത്തു വരുന്നതിനിടെയാണ് അപകടത്തില്‍ ദുരൂഹത കൂട്ടുന്ന പല വെളിപ്പെടുത്തലുകളും ഇപ്പോള്‍ പുറത്തു വരുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്ത പ്രകാശ് തമ്പി ഇപ്പോള്‍ റിമാന്‍ഡിലാണ്, വിഷ്ണുവിനെ പിടികൂടിയിട്ടുമില്ല. ബാലഭാസ്‌കറിന്റെ മരണത്തിനുപിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് പിതാവ് നേരത്തെ ആരോപിച്ചിരുന്നു. കള്ളക്കടത്തില്‍ പ്രതികളായ പ്രകാശിന്റെയും വിഷ്ണുവിന്റെയും വിവരങ്ങള്‍ വാഹന അപകടം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഡി.ആര്‍.ഐയില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.
പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ മാനേജരല്ലെന്ന് പോസ്റ്റിട്ടത് താനല്ലെന്ന് ലക്ഷ്മി
പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ മാനേജരല്ലെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് താനല്ലെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി വെളിപ്പെടുത്തി. കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്റെയും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ബാലഭാസ്‌കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് കൊച്ചിയിലെ ഏജന്‍സിയാണെന്നും ലക്ഷ്മി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."