കൊവിഡ് ബാധിതയായ വയോധികയെ കട്ടിലില്‍ കെട്ടിയിട്ടു
എരുമപ്പെട്ടി (തൃശൂര്‍): കൊവിഡ് രോഗികളോടുള്ള ക്രൂരത അവസാനിക്കുന്നില്ല. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വയോധികയെ അധികൃതര്‍ കട്ടിലില്‍ കെട്ടിയിട്ടു.
കടങ്ങോട് ചിറമനേങ്ങാട് സ്വദേശി കുഞ്ഞുബീവിക്കാണ് മെഡിക്കല്‍ കോളജിലെ കൊവിഡ് ചികിത്സാ വിഭാഗത്തില്‍ ദുരനുഭവം നേരിട്ടത്. രോഗം മൂര്‍ച്ഛിച്ചിട്ടും ജീവനക്കാര്‍ ഇവരെ തിരിഞ്ഞു നോക്കിയില്ല. അബോധാവസ്ഥയിലായ ഇവര്‍ കെട്ടിയിട്ട നിലയില്‍ കട്ടിലില്‍നിന്നു താഴെ വീണു തലയ്ക്കു പരുക്കേറ്റു. തലയ്ക്ക് ഏഴ് തുന്നലുണ്ട്. പല്ല് ഇളകിയതായും കണ്ണിലും മുഖത്തു പലഭാഗങ്ങളിലും രക്തം കട്ടപിടിച്ചതായും ബന്ധുക്കള്‍ പറയുന്നു.
കെട്ടിയിട്ട നിലയില്‍ താഴെ വീണു കിടക്കുന്ന കുത്തുബീവിയുടെ ദൃശ്യങ്ങള്‍ ചികിത്സയിലുള്ള മറ്റു രോഗികള്‍ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. കുഞ്ഞുബീവിയെ ബന്ധുക്കള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ മകന് വിദേശത്താണ്. കുഞ്ഞുബീവിയുടെ വീട്ടിലെ മറ്റ് അംഗങ്ങളും കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അധികൃതരുടെ അനാസ്ഥയ്ക്കെതിരേ ആരോഗ്യ വകുപ്പു മന്ത്രിക്കും തൃശൂര്‍ ഡി.എം.ഒക്കും ബന്ധുക്കള്‍ പരാതി നല്കി.
കൊവിഡ് ബാധിച്ച് കുഞ്ഞുബീവിയെ കഴിഞ്ഞ 18 ന് കുട്ടനെല്ലൂരിലെ ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 20ന് രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ച മരുമകള്‍ പരിചരിക്കാനായി കൂടെ നില്ക്കാന് അനുവാദം ചോദിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."