അനായാസം ഹൈദരാബാദ്
കാണ്‍പൂര്‍: ഗുജറാത്ത് ലയണ്‍സിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അനായാസ വിജയം സ്വന്തമാക്കി നിലവിലെ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐ.പി.എല്ലില്‍ പ്ലേയോഫിലേക്ക് മുന്നേറി. 11 പന്തുകള്‍ അവശേഷിക്കേ എട്ട് വിക്കറ്റിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 19.2 ഓവറില്‍ 154 റണ്‍സില്‍ എല്ലാവരും പുറത്തായി. ലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 158 റണ്‍സെടുത്താണ് വിജയം പിടിച്ചത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഹൈദരാബാദ് 17 പോയിന്റുമായാണ് പ്ലേയോഫിലെത്തിയത്. ഗുജറാത്ത് നേരത്തെ തന്നെ പുറത്തായിരുന്നു.
മുന്നില്‍ നിന്ന് നയിച്ച് നായകന്‍ ഡേവിഡ് വാര്‍ണര്‍ 52 പന്തില്‍ 69 റണ്‍സും വിജയ് ശങ്കര്‍ 44 പന്തില്‍ 63 റണ്‍സുമെടുത്ത് ഹൈദരാബാദിന്റെ വിജയം ഉറപ്പാക്കി. ധവാന്‍ (18), ഹെന്റിക്വസ് (നാല്) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍ക്കൊപ്പം വിജയ് ശങ്കര്‍ ഒത്തുചേര്‍ന്നതോടെ ഹൈദരാബാദ് ആത്മവിശ്വാസത്തോടെ മുന്നേറി. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 91 പന്തില്‍ 133 റണ്‍സ് ചേര്‍ത്താണ് വിജയം അനായാസമാക്കിയത്. ഇരുവരും ഒന്‍പത് വീതം ഫോറുകളാണ് അടിച്ചത്.
ഹൈദരാബാദിന്റെ ഇന്നിങ്‌സില്‍ ഒറ്റ സിക്‌സര്‍ പോലും പിറന്നില്ല എന്നതും ശ്രദ്ധേയമായി. ഹൈദരാബാദിന് നഷ്ടമായ രണ്ട് വിക്കറ്റുകളും പ്രവീണ്‍ കുമാര്‍ സ്വന്തമാക്കി. നാലോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് പ്രവീണ്‍ രണ്ട് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.
നേരത്തെ ടോസ് നേടി ഹൈദരാബാദ് ഗുജറാത്തിനെ ബാറ്റിങിനയക്കുകയായിരുന്നു. ഗുജറാത്തിനായി ഇന്നിങ്‌സ് തുറന്ന ഡ്വെയ്ന്‍ സ്മിത്ത്- ഇഷാന്‍ കിഷന്‍ സഖ്യം മിന്നല്‍ ബാറ്റിങുമായി കളം നിറഞ്ഞപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ റണ്‍സ് കുതിച്ചു കയറി. ഓപണര്‍മാര്‍ 10.5 ഓവറില്‍ അടിച്ചെടുത്തത് 111 റണ്‍സ്. 33 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും പറത്തി 54 റണ്‍സെടുത്ത സ്മിത്തിനെ റാഷിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ ഇഷാന്‍ കിഷനെ മുഹമ്മദ് സിറാജും മടക്കി. 40 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സുമടക്കം ഇഷാന്‍ 61 റണ്‍സ് അടിച്ചെടുത്തു. ഇരുവരും പുറത്തായ ശേഷം ഗുജറാത്ത് അവിശ്വസനീയമാം വിധം തകരുന്ന കാഴ്ചയായിരുന്നു. തുടരെ തുടരെ വിക്കറ്റുകള്‍ വീണ് ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാരുടെ ഘോഷയാത്രയായിരുന്നു പിന്നീട്. ആറാമനായി ക്രീസിലെത്തിയ ജഡേജ 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഈ മൂന്ന് പേരൊഴികെ മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാന്‍ സാധിച്ചില്ല. ഓപണര്‍മാര്‍ പുറത്തായ ശേഷം കേവലം 34 റണ്‍സ് മാത്രമാണ് ഗുജറാത്തിന് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചത്. എട്ട് വിക്കറ്റുകളും അവര്‍ കളഞ്ഞു കുളിച്ചു. 20 ഓവര്‍ തികക്കാന്‍ സാധിക്കാതെ 19.2 ഓവറില്‍ അവരുടെ ചെറുത്ത് നില്‍പ്പ് 154 റണ്‍സില്‍ തീര്‍ന്നു.
ഹൈദരാബാദിനായി മുഹമ്മദ് സിറാജ് നാലും റാഷിദ് ഖാന്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും സിദ്ധാര്‍ഥ് കൗള്‍ ഒരു വിക്കറ്റും വീഴ്ത്തി ഗുജറാത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടി. നാല് വിക്കറ്റുകള്‍ പിഴുത മുഹമ്മദ് സിറാജാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."