മുന്നണിക്കു പുറത്തുള്ള കക്ഷികളുമായി യു.ഡി.എഫ് സഖ്യമുണ്ടാക്കില്ല
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്നും മുന്നണിക്കു പുറത്തുള്ള കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്നും മുന്നണി ചെയര്‍മാനും പ്രതിപക്ഷനേതാവുമായ രമേശ് ചെന്നിത്തല.
അഴിമതിക്കും ദുര്‍ഭരണത്തിനും ഫാസിസത്തിനുമെതിരായി ജനവിഭാഗങ്ങളെ ഒരുമിപ്പിക്കുമെന്നും യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗതീരുമാനങ്ങള്‍ വിശദീകരിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രദേശിക തലത്തില്‍ സോഷ്യല്‍ ഗ്രൂപ്പുകള്‍, സാമൂഹിക സേവന രംഗത്തുള്ള വ്യക്തികള്‍ തുടങ്ങിയവര്‍ യു.ഡി.എഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ അതു ചര്‍ച്ച ചെയ്ത് അതിനുള്ള അനുവാദം നല്‍കാന്‍ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചതായി ചെന്നിത്തല അറിയിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയതാണെന്ന് ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നും ഇതേ ചോദ്യം ആവര്‍ത്തിച്ചാല്‍ മറുപടിയില്ല. ജോസ് കെ. മാണി എല്‍.ഡി.എഫില്‍ ചേര്‍ന്നതുകൊണ്ട് യു.ഡി.എഫിന് ഒരു പോറല്‍ പോലുമേല്‍ക്കില്ല.
കെ.എം മാണിക്കെതിരേ ഇടതുമുന്നണി മുന്‍പ് ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെ കൂട്ടുമ്പോള്‍ നല്‍കുന്ന വിശദീകരണം കേരളത്തിലെ ജനങ്ങള്‍ക്ക് ദഹിക്കാത്തതാണ്. സി.പി.എം ഛര്‍ദ്ദിക്കുന്നത് വിഴുങ്ങുന്ന അവസ്ഥയിലാണ്. നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയേണ്ട അവസ്ഥയാണിപ്പോള്‍ സി.പി.ഐക്ക്. അഴിമതിക്കാരെന്ന് പറഞ്ഞവരെക്കൂട്ടി മുന്നണി വിപുലീകരിക്കുന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ജനം മനസിലാക്കും.
പി.സി തോമസിന് യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ല. അദ്ദേഹം ഈ ആവശ്യമുന്നയിച്ച് മുന്നോട്ടുവന്നാല്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്യും. പി.സി ജോര്‍ജുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല.
തന്റെ ഓഫിസും പിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്തുകാര്‍ക്കു നല്‍കിയ സഹായവും പിന്തുണയും മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് സ്വപ്ന സുരേഷും ശിവശങ്കറും പെടാപ്പാട് പെടുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ ജനങ്ങള്‍ അതൃപ്തിയിലും നിരാശയിലുമാണ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം കാറ്റില്‍ പറത്തിയ ഇരുവരും ഒരേ പാതയിലാണ്. ഏകാധിപത്യത്തിന്റെ പ്രതീകങ്ങളായി ഇരുസര്‍ക്കാരുകളും മാറിയെന്നും ചെന്നിത്തല പറഞ്ഞു.
ഉന്നതാധികാര സമിതി യോഗത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, എം.കെ മുനീര്‍ എം.എല്‍.എ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.ജെ ജോസഫ് എം.എല്‍.എ, എ.എ അസീസ്, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി ജോണ്‍, ജോണി നെല്ലൂര്‍, ജി. ദേവരാജന്‍ എന്നിവരും ഓണ്‍ലൈന്‍ വഴി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."