ബിഹാര്‍ തെരഞ്ഞെടുപ്പ് ഫഡ്നാവിസിനും കൊവിഡ്
പാറ്റ്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഈ മാസം 28ന് നടക്കാനിരിക്കെ എന്‍.ഡി.എ സഖ്യത്തിന്റെ പ്രചാരണം അലങ്കോലമാക്കി കൊവിഡ് വ്യാപനം. സംസ്ഥാന ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീല്‍ കുമാര്‍ മോദിക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബിഹാറിലെ ബി.ജെ.പി പ്രചാരണ തലവനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനും കൊവിഡ് സ്ഥിരീകരിച്ചു.
ചെറിയ വിശ്രമമെടുക്കാന്‍ ദൈവം ആവശ്യപ്പെടുന്നുവെന്നായിരുന്നു കൊവിഡ് സ്ഥിരീകരിച്ചതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ സുശീല്‍ കുമാര്‍ മോദിക്കൊപ്പം ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തയാളാണ് ദേവേന്ദ്ര ഫഡ്നാവിസ്. ഫഡ്നാവിസിനുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നിരവധി നേതാക്കള്‍ നിരീക്ഷണത്തിലാണെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് തുടങ്ങിയ പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുത്തിരുന്നു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നു ഫഡ്നാവിസ് അഭ്യര്‍ഥിച്ചിട്ടുമുണ്ട്.
ബിഹാറില്‍ ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് എന്നീ തിയതികളിലായി മൂന്നു ഘട്ടങ്ങളിലായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ പത്തിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. ജെ.ഡി.യുവുമായി പിണങ്ങി എല്‍.ജെ.പി മുന്നണി വിടുകയും എന്നാല്‍ എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന് ബി.ജെ.പിയെ പിന്തുണച്ച് നിരന്തരം രംഗത്തെത്തുകയും ചെയ്യുന്നത് എന്‍.ഡി.എ സഖ്യത്തില്‍ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."