അന്തര്‍സംസ്ഥാന മോഷണസംഘം പിടിയില്‍
തിരൂരങ്ങാടി: അന്തര്‍സംസ്ഥാന മോഷണസംഘത്തിലെ മൂന്നുപേരെ തിരൂരങ്ങാടി പൊലിസ് പിടികൂടി. കോഴിക്കോട് തൊട്ടില്‍പ്പാലം നരോള്ളപ്പറമ്പത്ത് ഷൈജു എന്ന തൊട്ടില്‍പ്പാലം ഷിജു(43), കണ്ണൂര്‍ മട്ടന്നൂര്‍ റോഡിലെ തില്ലങ്കരി കുന്നത്ത് വീട്ടില്‍ ഭാസ്‌കരന്‍ എന്ന ഭാസി(41), കാസര്‍കോട് ചെര്‍ക്കളം കാളങ്ങാട് എടപ്പാള്‍ വീട്ടില്‍ അഹമ്മദ് ഇജാസ്(20) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ ജില്ലാ പൊലിസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഘത്തില്‍പെട്ട പതിനാറുകാരനടക്കം ഏതാനുംപേരെക്കൂടി പിടികൂടാനുണ്ട്.
കേരളത്തിന്റെ വിവിധഭാഗങ്ങളിലായി ദേശീയപാതയോരത്തെ വീടുകളില്‍ ആഡംബരകാറുകളിലെത്തിയാണ് ഇവരുടെ മോഷണം. പതിനാറുകാരനായ പ്രതി പകല്‍സമയങ്ങളില്‍ സഞ്ചരിച്ച് പ്രദേശത്തെകുറിച്ചും മോഷണം നടത്തേണ്ടവീടിനെ കുറിച്ചും വ്യക്തമായ വിവരം സംഘത്തലവനു നല്‍കും. ആളുകള്‍ പിടിക്കപ്പെടാതിരിക്കാനാണ് ആഡംബരകാര്‍ ഉപയോഗിക്കുന്നത്. വാടകയ്‌ക്കെടുത്ത ആഡംബര കാറില്‍ സംഘത്തെ മോഷണസ്ഥലത്തിക്കുകയും മോഷണശേഷം തിരിച്ചു കൊണ്ടുപോവുകയുമാണ് അഹമ്മദ് ഇജാസിന്റെ ജോലി.
ആളുകളില്ലാത്ത വീട്ടില്‍ മുന്‍വശത്തെയും ആളുകളുള്ള വീട്ടില്‍ പിന്‍വശത്തെയും വാതിലുകള്‍ തകര്‍ക്കുന്നതാണ് ഇവരുടെ കവര്‍ച്ചാശൈലി. ലഭിക്കുന്ന പണം ഉപയോഗിച്ച് ഗോവ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സുഖവാസജീവിതം നയിക്കുകയാണ് പതിവ്. വയനാട് കണിയാംപാറ്റ തിരുവോണം വീട്ടില്‍ കേശവന്റെ വീട്ടില്‍നിന്നു കഴിഞ്ഞമാസം 23പവന്‍ സ്വര്‍ണാഭരങ്ങളും കോഴിക്കോട്ടെ വസ്ത്രാലയത്തില്‍ നിന്ന് 82,000 രൂപയും വസ്ത്രങ്ങളും പയ്യന്നൂരിലെ വീട്ടില്‍നിന്ന് സ്വര്‍ണമാലയും 30,000 രൂപയും കവര്‍ച്ച നടത്തിയത് ഈ സംഘമാണെന്നു പൊലിസ് പറഞ്ഞു.
ഷിജുവാണ് സംഘത്തലവന്‍. 25 വര്‍ഷമായി ഈമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷിജുവിന്റെ പേരില്‍ പയ്യന്നൂര്‍, കുറ്റ്യാടി, വയനാട്, കമ്പളക്കാട്, കാസര്‍കോട് തുടങ്ങിയഭാഗങ്ങളില്‍ പ്രമാദമായ അഞ്ചുകേസുകള്‍ ഉള്‍പ്പെടെ നൂറ്റമ്പതിലേറെ കേസുകളുണ്ടെന്നും 15 വര്‍ഷത്തോളം ഇയാള്‍ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. ആറുമാസംമുമ്പാണ് അവസാനമായി ജയില്‍ ശിക്ഷകഴിഞ്ഞിറങ്ങിയത്. ഭാസ്‌കരന്‍ വിവിധ പോക്കറ്റടി കേസുകളിലെയും പ്രതിയാണ്.
ഈയിടെ തിരൂരങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ മോഷണക്കേസുകള്‍ വര്‍ധിച്ചതോടെയാണ് ജില്ലാപൊലിസ് സൂപ്രണ്ട് ദാബേശ്കുമാര്‍ ബെഹ്‌റ, മലപ്പുറം ഡിവൈ.എസ് .പി ഷറഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്.
തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്.ഐ വിശ്വനാഥന്‍ കാരയില്‍, എ.എസ്.ഐമാരായ മുരളീധരന്‍, അബ്ദുല്‍ അസീസ്, വിജയന്‍, സത്യനാരായണന്‍, കോണ്‍സ്റ്റബിള്‍മാരായ സുബ്രഹ്മണ്യന്‍, സിറാജുദ്ദീന്‍, സബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."