സി.ബി.ഐക്ക് നിയന്ത്രണം: സര്‍ക്കാര്‍ നീക്കം സജീവം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സി.ബി.ഐയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ സജീവം.
സര്‍ക്കാര്‍ അനുമതിയില്ലാതെ ലൈഫ് പദ്ധതിയില്‍ സി.ബി.ഐ ഇടപെട്ടതോടെയാണ് 2017ല്‍ സംസ്ഥാനത്തെ ഏതു കേസിലെയും അന്വേഷണത്തിന് സി.ബി.ഐക്ക് സര്‍ക്കാര്‍ നല്‍കിയ പൊതുഅനുമതി പിന്‍വലിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നത്. ഇതുസംബന്ധിച്ച് നിയമവൃത്തങ്ങളുമായി ആശയവിനിമയം തുടങ്ങിയിട്ടുണ്ട്. നവംബര്‍ നാലിനു ചേരുന്ന മന്ത്രിസഭായോഗം വിഷയം ചര്‍ച്ച ചെയ്യും. സി.ബി.ഐക്കുള്ള പൊതുഅനുമതി പിന്‍വലിക്കണമെന്ന് സി.പി.എം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സി.ബി.ഐയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് സി.പിഎമ്മിന്റെ വിലയിരുത്തല്‍.
വിഷയത്തില്‍ സി.പി.ഐയും അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരേ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്തെത്തിയിരുന്നു.
സി.ബി.ഐ അന്വേഷണത്തെ തടയാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത് തീവെട്ടിക്കൊള്ളകള്‍ പുറത്തുവരാതിരിക്കാനാണെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. വി.മുരളീധരന്റെ വിമര്‍ശനത്തിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് മറുപടി നല്‍കിയത്. സി.ബി.ഐ അന്വേഷണം സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാട് പാടില്ലെന്നു പറയാന്‍ സി.ബി.ഐ മുരളീധരന്റെ കുടുംബ സ്വത്തല്ലെന്നായിരുന്നു കാനത്തിന്റെ മറുപടി.
വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളെ ഗൗരവമായി എടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."