കണ്ണവത്തെ സലാഹുദ്ദീന് വധം നാല് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
കൂത്തുപറമ്പ്: കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവര്ത്തകന് സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ നാല് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.
ഇതോടെ കേസില്‍ ഒന്‍പത് പ്രതികള്‍ പിടിയിലായി. കണ്ണവം ശിവജി നഗറിലെ ഗംഗ നിവാസില്‍ അശ്വിന് (24), കോളയാട് പാടിപ്പറമ്പിലെ സഖില്‍ നിവാസില്‍ കെ. രാഹുല്‍ (25), ചെണ്ടയാട് കുനുമ്മലിലെ പുള്ളിയുള്ള പറമ്പത്ത് മിഥുന് (21), മൊകേരി വള്ളങ്ങാടെ കരിപ്പാളില്‍ ഹൗസില്‍ യാദവ് (22) എന്നിവരെയാണ് തലശ്ശേരി ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്, സി.ഐ കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലും വയനാട്, മലപ്പുറം ജില്ലകളിലുമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ കൂത്തുപറമ്പ് പാലായിയില്‍ നിന്നാണ് പിടിയിലായതെന്നും നാലുപേരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും പൊലിസ് പറഞ്ഞു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടു പേരും ഗൂഢാലോചനയില്‍ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമായ മറ്റു മൂന്നുപേരും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. ഒരാള്‍ കൂടി ഇനി അറസ്റ്റിലാവാനുണ്ട്. ഇയാളാണ് സലാഹുദ്ദീന് സഞ്ചരിച്ച കാറില്‍ മനഃപൂര്‍വം ബൈക്കിടിച്ച് അപകടമുണ്ടാക്കിയതെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ മാസം എട്ടിന് വൈകിട്ട് ചിറ്റാരിപറമ്പ് ചുണ്ട വളവിലാണ് സഹോദരിമാര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സലാഹുദ്ദീനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."