ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ജുവല്‍ ഓറവും അലുവാലിയയും പരിഗണനയില്‍
ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ ജുവല്‍ ഓറം, എസ്.എസ് അലുവാലിയ എന്നിവരെ ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ സ്പീക്കറായിരുന്ന സുമിത്രാ മഹാജന്റെ പിന്‍ഗാമിയായി ഇരുനേതാക്കളില്‍ ആരെങ്കിലും വന്നേക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പരമ്പരാഗതമായി പ്രതിപക്ഷത്തിനാണ് നല്‍കാറുള്ളത്. അങ്ങനെയെങ്കില്‍ ബി.ജെ.ഡി എം.പി ഭര്‍തൃഹരി മെഹ്താബിനെ ആയിരിക്കും ഈ സ്ഥാനത്തേക്ക് പരിഗണിക്കുക. ലോക്‌സഭാ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഈ മാസം 16ന് തെരഞ്ഞെടുക്കും. ജുവല്‍ ഓറവും അലുവാലിയയും മുന്‍സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. പാര്‍ട്ടി എം.പിമാരില്‍ മേനകാ ഗാന്ധിയാണ് ഏറ്റവും സീനിയര്‍. എട്ട് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിച്ച അവര്‍ക്ക്, പക്ഷെ സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ സാധ്യതയില്ല.
അതേസമയം, സുമിത്രാ മഹാജനെ പോലെ സഭയെ നിയന്ത്രിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ മേനകാ ഗാന്ധിക്ക് കഴിഞ്ഞേക്കില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഗോത്രവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെയാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെങ്കില്‍ ജുവല്‍ ഓറത്തിനായിരിക്കും നറുക്കുവീഴുക. ഒഡിഷയില്‍ നിന്നുള്ള ജുവല്‍ ഓറം, ആ സംസ്ഥാനത്ത് മാത്രമല്ല, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവാണ്. എന്‍.ഡി.എ ആദ്യം അധികാരത്തില്‍ വന്നപ്പോള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗക്കാരുടെ പ്രതിനിധിയായി പരിഗണിച്ച് പി. എ സാങ്മക്ക് സ്പീക്കര്‍ സ്ഥാനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."