വാക്സിന് ദേശീയത മഹാമാരിയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കും- ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
ബെര്‍ലിന്‍: കൊവിഡ് വകാസിന് വിതരണത്തിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ ഐക്യമുണ്ടാവേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന. വാക്സിന് ദേശീയത മഹാമാരിയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുമെന്നും ലോകാരോഗ്യ സംഘടന തലവന്‍ ട്രൊഡോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി.
കൊവിഡില്‍ നിന്ന് കരകയറാനുള്ള പ്രധാനമാര്‍ഗം ദരിദ്ര്യ രാജ്യങ്ങളില്‍ ഉള്‍പ്പെടെ വാക്സിന് എത്തിച്ചുനല്കുകയെന്നതാണെന്ന് . സ്വാഭാവികമായും വാക്സിന് വികസിപ്പിക്കുന്ന രാജ്യങ്ങള്‍ സ്വന്തം രാജ്യത്തെ എല്ലാ പൗരന്മാര്ക്കും വാക്സിന് ആദ്യം എത്തിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഒരു രാജ്യത്തെ എല്ലാവര്ക്കും വാക്സിന് എത്തിക്കാനാകരുത് ശ്രമം. പകരം എല്ലാ രാജ്യത്തെയും ചിലര്‍ക്ക് വാക്സിന് ലഭ്യമാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബെര്‍ലിനില്‍ നടക്കുന്ന മൂന്നുദിവസത്തെ ലോക ആരോഗ്യ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ അപകടകരമായ അവസ്ഥയിലാണ് ലോകമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മിക്ക രാജ്യങ്ങളിലും കൊവിഡിന്റെ രണ്ടാം വരവ് തുടങ്ങികഴിഞ്ഞു. ശനിയാഴ്ച മാത്രം 4,65,319 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയും യൂറോപ്യന്‍ രാജ്യങ്ങളിലാണ്. ഇവിടങ്ങളില്‍ അപകടകരമായ അളവിലാണ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തുലക്ഷത്തിലധികംപേരെ കൊലപ്പെടുത്തിയ കൊവിഡ് മഹാമാരിയെ നേരിടുന്നതിനായി ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ വാക്സിന് വികസിപ്പിക്കുന്ന തിരക്കിലാണ്. നിരവധി വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിച്ചു. പത്തോളം വാക്സിനുകള്‍ മൂന്നാംഘട്ട പരീക്ഷണമായ മനുഷ്യരില്‍ പരീക്ഷണം നടത്തികൊണ്ടിരിക്കുന്നു.
യൂറോപ്യന്‍ യൂനിയന്‍, യു.എസ്, ബ്രിട്ടന്, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ വിജയിക്കുമെന്ന് വിശ്വാസമുള്ള വാക്സിന് നിര്‍മിക്കുന്ന കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. എന്നാല്‍ വികസ്വര, ദരിദ്ര്യ രാജ്യങ്ങള്‍ പട്ടികയില്‍നിന്ന് പുറംതള്ളപ്പെടുന്നു.
എല്ലാവരിലേക്കും വാക്സിന് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കോവാക്സ് എന്ന പദ്ധതി രൂപവത്കരിച്ചു. അതിലേക്ക് ഫണ്ട് കണ്ടെത്താനായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."