വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർ ഞായാറാഴ്ച മുതൽ; ആദ്യ ഘട്ടത്തിൽ ആഴ്ച്ചയിൽ പതിനായിരം തീർത്ഥാടകർ
മക്ക: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർത്ഥാടകർ ഞായറാഴ്ച മുതൽ വിശുദ്ധ ഉംറ തീർത്ഥാടനത്തിനായി പുണ്യ ഭൂമിയിൽ എത്തിത്തുടങ്ങും. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തി വെച്ച ഉംറ തീർത്ഥാടനം നേരത്തെ പുനഃരാരംഭിച്ചെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ അനുവദിച്ചിരുന്നില്ല. ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനം പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം നാലിനാണ് ആഭ്യന്തര തീർത്ഥാടകരെ അനുവദിച്ചു തുടങ്ങിയത്. ഇതിന്റെ തുടർച്ചയായാണ് മൂന്നാം ഘട്ടമായ നവംബർ ഒന്നിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ അനുവദിക്കുന്നത്. ഇതിനായി കൊവിഡ് കാലത്ത് പ്രത്യേക മാർഗ്ഗ നിർദേശങ്ങൾ സഊദി ഹജ്ജ് ഉംറ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. അതേസമയം, ഏതെല്ലാം രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് അനുവാദം നൽകുകയെന്നത് ഇത് വരെ അധികൃതർ പ്രഖ്യാപിച്ചിട്ടില്ല.
ആദ്യ ഘട്ടത്തിൽ പ്രതിവാരം വിദേശ രാജ്യങ്ങളിൽ നിന്നും പതിനായിരം ഉംറ തീർത്ഥാടകരെയായിരിക്കും അനുവദിക്കുക. കൊവിഡ് പശ്ചാത്തലത്തിൽ ഉംറ കമ്പനികൾക്ക് തീർത്ഥാടകരെ വളരെ സൗകര്യമായി സഹായിക്കാൻ ഇത് സഹായകരമാകുമെന്ന് ഉംറ കമ്പനികളിലെ നിക്ഷേപകനായ അഹ്‌മദ് ബജൈഫർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയ നിർദേശപ്രകാരം 18 നും 50 നും ഇടയിലുള്ള തീർത്ഥാടകരെ മാത്രമായിരിക്കും അനുവദിക്കുക. കൊവിഡ് നെഗറ്റിവാണെന്ന പിസിആർ ടെസ്‌റ്റ് റിസൾട്ട് കൈവശം വെക്കണം. തീർത്ഥാടകർ വരുന്ന രാജ്യങ്ങളിലെ സഊദി സർക്കാർ അംഗീകൃത ലാബുകളിൽ നിന്നും 72 മണിക്കൂറിനുള്ളിൽ കൈവശപ്പെടുത്തിയ ടെസ്റ്റ് റിസൾട്ടായിരിക്കും സ്വീകരിക്കുക. തിരിച്ചു പോകാനായയുള്ള ടിക്കറ്റ് കൈവശം വെക്കണം.
ഉംറ തീർത്ഥാടനം, ഇരു ഹറം സന്ദർശനം, റൗദ സന്ദർശനം എന്നിവക്ക് ഉംറ ആപ് വഴി ബുക്ക് ചെയ്യണം.
ഓരോ തീർഥാടകന്റെയും ഉംറ സേവന പാക്കേജിൽ ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള താമസ സൗകര്യം, വിമാനത്താളങ്ങളിൽ നിന്ന് താമസത്തിലേക്ക് ഗതാഗതം, സമഗ്രമായ ഇൻഷുറൻസ് പോളിസി എന്നിവ ഉൾപ്പെടുമെന്നും അധികൃതർ വെളിപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകരെ അമ്പത് പേരടങ്ങുന്ന സംഘമായി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളെ നിയമിക്കും. കരാർ ചെയ്ത സേവന പാക്കേജുകൾ നൽകാൻ സഊദി ഏജന്റിനെ ബാധ്യസ്ഥനാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."