മാലിന്യം കയറ്റിയ വാന്‍ മറിഞ്ഞു
മുണ്ടന്‍കാവ്: മാലിന്യവുമായിവന്ന വാഹനം വടശ്ശേരിക്കാവ് ക്ഷേത്രത്തിന് മുന്നില്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞു. ആളപായമില്ല. ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. ഇറച്ചി മാലിന്യവുമായിവന്ന ചെറിയ ടെമ്പോ വാനാണ് കവലയിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞത്. വാഹനം മറിഞ്ഞതോടെ ഇതിലുണ്ടായിരുന്ന ഇറച്ചി അവശിഷ്ടങ്ങളും ചാക്കുകെട്ടുകളും റോഡില്‍ വീണ് ചിതറി. തിരുവന്‍വണ്ടൂരുള്ള സ്വകാര്യ മത്സ്യഫാമിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇത്. വണ്ടി മറിഞ്ഞയുടനെ പുറത്തിറങ്ങി ഓടാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ ഓടി ക്ഷപെട്ടു.
മാലിന്യം പമ്പാനദിയില്‍ തള്ളാന്‍ വന്നതാണെന്ന് ഡ്രൈവര്‍ പറഞ്ഞതായി നാട്ടുകാര്‍ ആരോപിച്ചു. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തി. മത്സ്യഫാമിന്റെ ഉടമയും ഇതിനോടകം എത്തിയിരുന്നു. മാലിന്യം വാരി റോഡ് വൃത്തിയാക്കാമെന്ന് ഇയാള്‍ സമ്മതിച്ചു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പൊലിസിനുനേരേ കയര്‍ത്തത് അല്‍പനേരം സംഘര്‍ഷാവസ്ഥ ശ്രഷ്ടിച്ചു. പൊലിസ് സംയമനം പാലിച്ചതിനാല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായില്ല.
പൊലിസിന്റെ സാന്നിധ്യത്തില്‍ തന്നെ ഇവര്‍ മാലിന്യം നീക്കം ചെയ്തു. അഗ്‌നിരക്ഷാസേനയെത്തി വെള്ളമൊഴിച്ച് റോഡിലെ മാലിന്യങ്ങള്‍ കഴുകിക്കളയുകയും ചെയ്തു. മാലിന്യം റോഡില്‍ തള്ളിയതിനെതിരേ മത്സ്യഫാമിന്റെ ഉടമസ്ഥനെതിരേ പൊലിസ് കേസെടുത്തു. ഓടിപ്പോയ ഡ്രൈവറേയും പിടികൂടി. നാട്ടുകാരില്‍ ചിലര്‍ ഡ്രൈവറെ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."