റാഗിംങിനിരയായ വിദ്യാര്‍ഥിനി പഠനം ഉപേക്ഷിച്ചു
കട്ടപ്പന: റാഗിങിനിരയായ വിദ്യാര്‍ഥിനി ഭീഷണികളെ തുടര്‍ന്നു വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിലെ പഠനം ഉപേക്ഷിച്ചു.
കഴിഞ്ഞ ദിവസം കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡിന് മൊഴി നല്‍കാന്‍ എത്തിയ പരാതിക്കാരിയായ വിദ്യാര്‍ഥിനിയെയും പിതാവിനെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജീവന് ഭീഷണിയുള്ളത് മൂലം പഠനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ജോണ്‍സണ്‍ പറഞ്ഞു. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി സ്‌പോട്ട് അഡ്മിഷനിലൂടെയാണ് 62ാംമൈലിലെ പോളിടെക്‌നിക്ക് കോളജില്‍ പ്രവേശനം നേടിയത്.ഡിഗ്രി പഠനത്തിനു ശേഷമാണ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് കോഴ്‌സിനായി പോളിടെക്‌നിക്ക് കോളജില്‍ ചേര്‍ന്നത്. പ്രളയക്കെടുതിമൂലം തുടക്കത്തില്‍ കോളജില്‍ ചേരാന്‍ കഴിയാതെ വരികയും കഴിഞ്ഞ മൂന്നാം തീയതി മുതലാണ് കോളജില്‍ പോയി തുടങ്ങിയത്.
ആദ്യ ദിവസത്തെ ക്ലാസിനു ശേഷം വൈകുന്നേരം ഹോസ്റ്റലില്‍ എത്തിയപ്പോള്‍ മുതല്‍ മുതിര്‍ന്ന വിദ്യാര്‍ഥിനികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമാണ് പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്. സംഘമായെത്തി പേരു ചോദിക്കുകയും അസഭ്യം പറയുകയും ശാരീരികവും മാനസികവുമായി ക്രൂരമായ റാഗിങിന് ഇരയാക്കി. പരാതി കോളജ് അധികൃതര്‍ക്കും പൊലിസിലും രേഖാമൂലം നല്‍കി.ഇതിനെ തുടര്‍ന്നു കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡ് വിദ്യാര്‍ഥിനിയുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച വീണ്ടും മൊഴി എടുക്കണമെന്ന് ആവശ്യപ്പെടുകയും ഇവരെ ആലപ്പുഴയില്‍ നിന്നും വിളിച്ച് വരുത്തുകയും ചെയ്തു. ദിവസങ്ങള്‍ക്ക് മുന്‍പും പെണ്‍കുട്ടി പോലിസിലും കോളജിലെ ആന്റി റാഗിങ് സ്‌ക്വാഡിലും മൊഴി നല്‍കിയിരുന്നു. ഇതേ മൊഴിയില്‍ ഉറച്ചു നിന്നതോടെയാണ് കോളജിനു പുറത്ത് നിന്നിരുന്ന ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഓഫിസ് മുറിയിലേക്ക് ഇരച്ചു കയറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെയും , അലക്‌സ് എന്നയാള്‍ക്കെതിരെയും പോലീസില്‍ ജോണ്‍സണ്‍ പരാതി നല്‍കിയിട്ടുണ്ട്.ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതര ജില്ലയില്‍ നിന്നും എത്തി ഇനിയും തുടര്‍പഠനം അസാധ്യമാണെന്നാണ് പെണ്‍കുട്ടിയും പറയുന്നു.ഇതോടെയാണ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."