എസ്.സി.ഇ.ആര്‍.ടി യൂണിസെഫ് സംയുക്ത കൗണ്‍സലിംഗ് പരിപാടി ആരംഭിച്ചു
തൊടുപുഴ: എസ്.സി. ഇ.ആര്‍. ടി കേരള യൂണിസെഫുമായി ചേര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന പ്രത്യേക കൗണ്‍സലിംഗ് പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.
ജില്ലയിലെ തിരഞ്ഞെടുത്ത 50 അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'ട്രെയിനിങ് ഫോര്‍ ട്രെയിനെര്‍സ്' എന്ന പരിപാടിക്കാണ് തൊടുപുഴയില്‍ തുടക്കം കുറിച്ചത്. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി വിദ്യാഭ്യാസ ജില്ലാ ഉപഡയറക്ടര്‍ ദീപ മാര്‍ട്ടിന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ എ ബിനുമോന്‍, ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍, കൈറ്റ് ജില്ല കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി കെ, എസ്.സി. ഇ.ആര്‍. ടി റിസര്‍ച്ച് ഓഫീസര്‍ വിനീഷ് ടി. വി എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ 8 ക്ലസ്റ്ററുകളില്‍ നിന്നും പ്രൈമറി, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി അധ്യാപകരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്.രണ്ടു ദിവസം നീണ്ട് നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ പാവനാടകം, നാടന്‍പാട്ട്, ഒറിഗാമി തുടങ്ങിയവയിലും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് എന്ന വിഷയത്തിലും പരിശീലനം നല്‍കും. യൂണിസെഫിലെയും ബാംഗ്ലൂര്‍ നിംഹാന്‍സിലെയും വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്.
തുടര്‍ന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ക്ലസ്റ്റര്‍ തല പരിശീലനത്തിലൂടെ പ്രകൃതി ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. തുടര്‍ന്ന് അടുത്ത ആഴ്ച്ചയോട് കൂടി കുട്ടികള്‍ക്കായി ഇവയുടെ ക്ലാസുകള്‍ സംഘടിപ്പിക്കുവാനാണ്ഉദ്ദേശിക്കുന്നത് എന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ കെ എ ബിനുമോന്‍ പറഞ്ഞു.
കുട്ടികളിലെ മാനസിക സംഘര്‍ഷംലഘൂകരിക്കുവാനും അവരെ പഠനാന്തരീക്ഷത്തിലേക്ക് മടക്കി കൊണ്ടുവരുവാനും സഹായകമായ രീതിയിലാണ് സ്‌കൂളുകളിലെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."