പാലിയേക്കര: അഞ്ചിലധികം വാഹനങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ടോള്‍ വേണ്ട
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ നടപടിയായി. അഞ്ചു വാഹനങ്ങളില്‍ കൂടുതല്‍ ഒരുവരിയില്‍ വന്നാല്‍ ടോള്‍ ഗേറ്റ് തുറക്കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കാന്‍ എ.ഡി.എം കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി.
ഇന്ന് മുതല്‍ ടോള്‍ ഗേറ്റില്‍ സ്ഥിരമായി പൊലിസ് കാവല്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ടോള്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 17ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയില്‍ യോഗം ചേരും. യോഗത്തില്‍ മുഴുവന്‍ ടോള്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ടോള്‍ പ്ലാസ കമ്പനി അധികൃതര്‍ നിരന്തരമായി കരാര്‍ ലംഘനം നടത്തുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
തിരക്കുള്ള സമയങ്ങളില്‍ നൂറിലേറെ വാഹനങ്ങളാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ കുരുങ്ങിക്കിടക്കുന്നത്. ടോള്‍പ്ലാസയില്‍ ഒരുനിരയില്‍ അഞ്ചിലധികം വാഹനങ്ങള്‍ വന്നാല്‍ ഗേറ്റ് തുറക്കണമെന്നാണ് കരാറിലെ ചട്ടം. എന്നാല്‍, ഇതെല്ലാം ലംഘിച്ച് കരാറുകാര്‍ കൊള്ളലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത് വലിയ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി എത്തുന്ന വാഹനങ്ങള്‍പോലും ടോള്‍ പ്ലാസയില്‍ തടഞ്ഞിടുന്ന സാഹചര്യമാണ് നിലനിന്നിരുന്നത്.
അതേസമയം, കരാറുകമ്പനിയുടെ നിയമലംഘനത്തിനെതിരേ പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് എ.ഐ.വൈ.എഫ് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി.
കെ രാജന്‍ എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടത്തിയത്.നപൊലിസ് വലയംഭേദിച്ച് പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."