ഖമറുന്നിസ ശത്രുവിനെ സ്‌നേഹിച്ചതിലെ അപകടം
'ശത്രുവിനെ സ്‌നേഹിക്കുക' എന്നു യേശുദേവന്‍ ബൈബിളില്‍ പറഞ്ഞിട്ടുണ്ട്. അയല്‍ക്കാര്‍, ബന്ധുമിത്രാദികള്‍ എന്നിവരോടുള്ള പകയും വിരോധവും വെറുപ്പും ഒക്കെ അവരെ നേരില്‍ കണ്ടു വര്‍ത്തമാനം പറഞ്ഞ് ഒഴിവാക്കി യാത്ര ചോദിച്ചു വേണം ഹജ്ജിനു പോകാന്‍ എന്നു ഇസ്‌ലാമിക ധര്‍മചര്യയും അനുശാസിക്കുന്നു. 'അദ്വേഷ്ഠാ സര്‍വഭൂതാനാം മൈത്രാകരുണാ ഏവച- ഒന്നിനോടും ദ്വേഷ്യം പാടില്ല. മൈത്രിയും കരുണയും ആണു വേണ്ടത്.' എന്നു ഭഗവദ് ഗീതയും അനുശാസിക്കുന്നു.
ഇതൊക്കെ അടിസ്ഥാനമാക്കി ചിന്തിച്ചാല്‍, ഭാരതീയ ജനതാ പാര്‍ട്ടിയുടെ ധനശേഖരണയജ്ഞം സംഭാവന നല്‍കി ഉദ്ഘാടനം ചെയ്ത വനിതാ ലീഗ് നേതാവിന്റെ നടപടി അങ്ങേയറ്റം ആധ്യാത്മിക ദര്‍ശനിഷ്ഠയുള്ളതായിരുന്നുവെന്നു വിലയിരുത്താം. എന്നാല്‍ വ്യക്തിപരമായ ശത്രുത ഒഴിവാക്കണം എന്നല്ലാതെ സത്യവിരോധികളും അധര്‍മകാരികളും അക്രമികളും ആയിരിക്കുന്നവരും അതുവഴി ലോകത്തിനും നാടിനും വിപത്തായിരിക്കുന്നവരും ആയിട്ടുള്ളവരോടു സന്ധി ചെയ്യണമെന്നു ഏതെങ്കിലും വേദഗ്രന്ഥത്തെയോ പ്രവാചക അവതാരാദി ശ്രേഷ്ഠവ്യക്തിത്വങ്ങളുടെ ജീവിതത്തെയോ ആധാരമാക്കി പറയാനാവുകയില്ല.
കാരണം എല്ലാ വേദഗ്രന്ഥങ്ങളും പ്രവാചക അവതാരാദി വിശിഷ്ട ജീവിതങ്ങളും ഉറപ്പാക്കുന്ന ധര്‍മ സംസ്ഥാപനയുദ്ധത്തില്‍ പോരാടിയിട്ടുണ്ട്. ഇത്തരമൊരു സന്ധിയില്ലാ പോരാട്ടത്തിനു പ്രസക്തി കല്‍പിക്കാതെ ശത്രുവിനെ സ്‌നേഹിക്കാന്‍ പുറപ്പെടുന്നത് ചെകുത്താനെ സ്‌നേഹിക്കുവാന്‍ പുറപ്പെടുന്നതുപോലെ പരമാബദ്ധമാകും.
ഈ നിലയില്‍ വിലയിരുത്തുമ്പോള്‍ ഖമറുന്നിസ എന്ന വനിതാലീഗ് നേതാവ് ബി.ജെ.പി ധനശേഖരണയജ്ഞം ഉദ്ഘാടനം ചെയ്തു അവര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നതു ശത്രുവിനെ സ്‌നേഹിക്കുക എന്ന വേദവാക്യം അനുസരിക്കുവാന്‍ ദൈവമാര്‍ഗത്തിലെ ശത്രുവായ സാത്താനെ സ്‌നേഹിക്കാന്‍ പുറപ്പെട്ടതുപോലെ അക്ഷന്തവ്യമാണെന്നു തന്നെ നിരീക്ഷിക്കേണ്ടിവരും. ഈ തെറ്റിനുള്ള ശിക്ഷ ഖമറുന്നിസ ഏറ്റുവാങ്ങിയേ തീരു. ആ ശിക്ഷ അവര്‍ക്ക് മുസ്‌ലിംലീഗ് നേതൃത്വം നല്‍കി കഴിഞ്ഞു എന്നുവേണം കരുതുവാന്‍.
ബി.ജെ.പിക്കു വിജയാശംസ നേരുവാന്‍ തയാറായ ഒരു വനിതാനേതാവിനെ തല്‍സ്ഥാനത്തു തുടരുവാന്‍ അനുവദിച്ചുകൊണ്ട് മുസ്‌ലിംലീഗിനൊരിക്കലും സംഘ്പരിവാര ഫാസിസത്തിനെതിരേ പോരാടാനാവുകയില്ല. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുതന്നെയാണ് മുസ്‌ലിംലീഗ് നേതൃത്വം ഖമറുന്നിസയെ വനിതാ ലീഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നുവേണം കരുതാന്‍. ലീഗ് നേതൃത്വം ഖമറുന്നിസക്കെതിരെ കൈക്കൊണ്ട നടപടി മുന്‍പ് ഗുരുജി ഗോല്‍വാക്കറുടെ ഫോട്ടോക്കു മുന്നില്‍ നിലവിളക്ക് കൊളുത്തി ആര്‍.എസ്.എസ് പരിപാടി ഉദ്ഘാടനം ചെയ്ത കൊല്ലം മേയര്‍ ആയിരുന്ന പത്മലോചനനെതിരെ സി.പി.എം കൈക്കൊണ്ട നടപടിക്ക് സമാനം സ്തുത്യര്‍ഹമാണ്.
സംഘ്പരിവാരത്തോടും ബി.ജെ.പിയോടും അതിന്റെ നേതൃത്വത്തോടും നനുത്ത അനുഭാവമെങ്കിലും കാണിക്കുന്നത് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും മതസൗഹാര്‍ദത്തിനും ദോഷകരമായ നടപടിയാണ്. ഇത് ആരില്‍നിന്നുണ്ടായാലും ആണ്‍ പെണ്‍ വ്യത്യാസം കൂടാതെ നടപടി കൈക്കൊള്ളണം. എന്തായാലും ദൈവം,
പരലോകം എന്നി വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുള്ളവരാണെങ്കിലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവിശ്വാസികളാണെങ്കിലും വിശ്വാസികളായ ക്രൈസ്തവരെയോ, മുസ്‌ലിംകളെയോ ഗാന്ധിജിയെപ്പോലുള്ള സനാതന ഹിന്ദുക്കളെയോ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യേണ്ട ആഭ്യന്തര ശത്രുക്കളായി കാണാത്തവരാണ് കമ്യൂണിസ്റ്റുകള്‍. അവരുള്ളിടത്ത് മുസ്‌ലിംകളും ക്രൈസ്തവരും സംഘ്പരിവാരങ്ങളാല്‍ ഗുജറാത്തിലും ഒഡീഷയിലും ഉത്തര്‍പ്രദേശത്തുമെന്നതുപോലെ വേട്ടയാടപ്പെട്ടു അരുങ്കൊല ചെയ്യപ്പെട്ടിട്ടില്ല.
ഈ വസ്തുത തിരിച്ചറിഞ്ഞ് മതനിരപേക്ഷ ജനാധിപത്യ ഭാരത്തിന്റെ നിലനില്‍പിനായി കമ്മ്യൂണിസ്റ്റ് നിര്‍മുക്ത ഭാരതത്തേക്കാള്‍ ആര്‍.എസ്.എസ് നിര്‍മുക്ത ഭാരതത്തിനു പ്രാധാന്യം നല്‍കി നിലപാടെടുക്കേണ്ട ബാധ്യത ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗെന്ന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനത്തിനും ഉണ്ട്. ആ നിലയില്‍ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്താല്‍ ബി.ജെ.പിയെയും നരേന്ദ്രമോദിയെയും സ്തുതിക്കുന്ന നടപടി ലീഗ് നേതാക്കളില്‍നിന്ന് ഉണ്ടാവുന്നത് നിയന്ത്രിക്കേണ്ടതുണ്ട്.
അത് ആരില്‍നിന്നുണ്ടായാലും തടയേണ്ടതുണ്ട്. ഇക്കാര്യം മതനിരപേക്ഷ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമായ മത സൗഹാര്‍ദം സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധമായ പ്രസ്ഥാനമായി മുസ്‌ലിംലീഗിനെ നോക്കി കാണുന്ന ഒരാള്‍ എന്ന നിലയില്‍ രേഖപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."