ഏഷ്യന്‍ ക്രിക്കറ്റ് കാര്‍ണിവലിന് ഇന്ന് തുടക്കം
ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് ദുബൈയില്‍ തുടക്കമാകും. വൈകിട്ട് അഞ്ചിന് ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. കഴിഞ്ഞ തവണ ടി20 ഫോര്‍മാറ്റിലാണ് കളി നടന്നതെന്നതിനാല്‍ ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് മത്സരം നടക്കുക. മികച്ച ടീമുമായിട്ടാണ് ബംഗ്ലാദേശ് ടൂര്‍ണമെന്റിനെത്തിയിട്ടുള്ളത്.
യു.എ.ഇയെ തോല്‍പിച്ച് ഹോങ്കോങ്ങും ഇത്തവണ ഏഷ്യാകപ്പില്‍ പങ്കെടുക്കുന്നുണ്ട്. രണ്ട് പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ശ്രീലങ്ക ഉദ്ഘാടന മത്സരത്തിനെത്തുന്നത്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരുക്കേറ്റ ശ്രീലങ്കന്‍ ഓപ്പണിങ് താരം ധനുഷ്‌ക ഗുണതിലക ടീമില്‍നിന്ന് പുറത്തായി. പകരം ഷെഹാന്‍ ജയസൂര്യയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പരുക്കേറ്റതിനെ തുടര്‍ന്ന് ദിനേശ് ചന്ദിമലും ടീമില്‍ നിന്ന് പുറത്തായിരുന്നു. പകരം നിരോഷനെ ടീമിലുള്‍പ്പെടുത്തുകയായിരുന്നു. അതേ സമയം, പാകിസ്താനും ഇന്ത്യക്കുമാണ് ചാംപ്യന്‍മാരാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ഒരേ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും പാകിസ്താനും ഫൈനലിലെത്തുമെന്നും പാകിസ്താന്‍ ചാംപ്യന്‍മാരാകുമെന്നുമായിരുന്നു ശ്രീലങ്കന്‍ പരിശീലകന്‍ ഹതുരുസിംഗയുടെ പ്രതികരണം. വിരാട് കോഹ്‌ലി കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാകും. ഇതാകും മറ്റുള്ള ടീമുകളുടെ ഏക നേട്ടമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ ഫോമിലെത്തിയാല്‍ ശ്രീലങ്കക്ക് തിരിച്ചടിയാകും. മുസ്തഫിസുറിനെയാണ് ബംഗ്ലാദേശ് മുന്‍നിര ബൗളറാക്കി ടീമിലുള്‍പ്പെടുത്തിയിട്ടുള്ളത്. താരം ഈയിടെയായി ഫോമിലല്ലെങ്കിലും ഏഷ്യാകപ്പിന് മുന്നോടിയായുള്ള പരിശീലനത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. അതിനാല്‍ ബൗളിങ്ങില്‍ താരം ബംഗ്ലാദേശിന്റെ പ്രതീക്ഷ കാക്കുമെന്ന് ബംഗ്ലാദേശ് ബൗളിങ് കോച്ച് കോട്‌നി വാല്‍ഷ് പറഞ്ഞു. ബംഗ്ലാദേശിന്റെ എക്കാലത്തേയും മികച്ച ടീമുമായിട്ടാണ് സംഘം എത്തിയിട്ടുള്ളത്. ഷാക്കിബുല്‍ ഹസന്റെ ബാറ്റിങ് കരുത്തിലും ബംഗ്ലാദേശിന് വലിയ വിശ്വാസമാണുള്ളത്. കുശാല്‍ മെന്‍ഡിസ്, തിസാര പെരേര, ഉപുല്‍ തരംഗ എന്നീ ബാറ്റ്‌സ്മാന്‍മാര്‍ ശ്രീലങ്കക്ക് കരുത്താണ്. മഹേന്ദ്ര സിങ് ധോണിയുടെ കരിയറിലെ അവസാനത്തെ ഏഷ്യാകപ്പായിരിക്കും ഒരു പക്ഷെ ഇത്. അതിനാല്‍ പുതിയൊരു ചരിത്രം കുറിക്കാന്‍ എല്ലാവിധ ഒരുക്കവും നടത്തിയിട്ടാണ് ധോണി ദുബൈയിലെത്തിയിട്ടുള്ളത്.
ഹോങ്കോങ് ഒഴികെ മറ്റെല്ലാ ടീമുകളും മികച്ച ടീമുകളുമായിട്ടാണ് ദുബൈയില്‍ എത്തിയിട്ടുള്ളത്. എന്നാല്‍ ഹോങ്കോങ്ങിനെയും എഴുതിത്തള്ളാനാവില്ലെന്നായിരുന്നു ഇന്ത്യന്‍ താരം മഹേന്ദ്ര സിങ് ധോണി പറഞ്ഞത്.
ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലായതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഇന്ത്യാ പാകിസ്താന്‍ ക്ലാസിക് പോരാട്ടം കാണാനാകും എന്ന പ്രത്യേകതയും ഏഷ്യാകപ്പിനുണ്ട്. മഹേന്ദ്ര സിങ് ധോണി, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ ദുബൈയിലെത്തിയിട്ടുള്ളത്.
1984ല്‍ യു.എ.ഇയില്‍ നടന്ന പ്രഥമ ഏഷ്യാകപ്പില്‍ ഇന്ത്യയായിരുന്നു കിരീടം ചൂടിയത്. സുനില്‍ ഗവാസ്‌കര്‍ നയിച്ച ടീമായിരുന്നു അന്ന് കിരീടം സ്വന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."