രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ കലാപം; മുഖ്യമന്ത്രിയെ മാറ്റണമെന്ന് എം.എല്‍.എമാര്‍
ജെയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ രൂപപ്പെട്ട കലാപം മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യത്തിലേക്ക് എത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മാറ്റണമെന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ രംഗത്തെത്തിയതോടെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലേക്കാണ് എത്തിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ പ്രതിസന്ധി രൂക്ഷമായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് സ്‌ഫോടനാത്മകമായ അന്തരീക്ഷത്തിലേക്ക് നീങ്ങിയത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിക്ക് കാരണം മുഖ്യമന്ത്രിയാണെന്നാണ് ഒരു വിഭാഗം എം.എല്‍.എമാര്‍ ആരോപിക്കുന്നത്. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് എം.എല്‍.എമാരില്‍ പലരും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ എം.എല്‍.എയായ പൃഥി രാജ് മീണ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ഗെലോട്ടിന് പകരം സച്ചിനെപോലുള്ള യുവാക്കളാണ് മുഖ്യമന്ത്രിയായി വരേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജാട്ട്, ഗുജ്ജാര്‍ സമുദായത്തില്‍ നിന്നുള്ള എം.എല്‍.എമാരും ഗെലോട്ടിന്റെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോധ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച തന്റെ മകന്‍ വൈഭവ് ഗെലോട്ടിന്റെ തോല്‍വിക്ക് ഉത്തരവാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോപിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിസന്ധിയാണെന്ന് വ്യക്തമായിരുന്നു. ഇതിനിടയിലാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി എം.എല്‍.എമാര്‍ രംഗത്തെത്തിയത്.
രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നതുമുതല്‍ കോണ്‍ഗ്രസില്‍ രൂക്ഷമായ പ്രതിസന്ധിയാണ് ഉടലെടുത്തത്.
അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ഒരിക്കല്‍പോലും നല്ല രീതിയിലായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചതോടെ മുഖ്യമന്ത്രി കസേരക്കുവേണ്ടി സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും തമ്മില്‍ വലിയ മത്സരമാണ് ഉണ്ടായിരുന്നത്. രാഹുല്‍ ഗാന്ധി ഇടപെട്ടാണ് സച്ചിനെ മാറ്റി ഗെലോട്ടിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."