കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: മന്ത്രി
കല്‍പ്പറ്റ: വനാതിര്‍ത്തിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് വനവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും. വയനാട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷക സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി ഗ്രാമീണര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വന്‍തോതില്‍ കൃഷിനാശവുമുണ്ടായിട്ടുണ്ട്. ഇതിനു പരിഹാരം കാണേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ ഇതിനുവേണ്ടിയുള്ള ബൃഹത്തായ പദ്ധതി തയാറാക്കും. വന്യജീവികളിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ചാല്‍ നിലവില്‍ നഷ്ടപരിഹാരം കുറവാണ്. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് നഷ്ടപരിഹാരത്തുക നല്‍കുന്നത്. കാലോചിതമായി ഈ തുക കൂട്ടേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഫണ്ട് രൂപീകരിച്ച് ഒരു വിഹിതം കൂട്ടിച്ചേര്‍ത്ത് നഷ്ടപരിഹാരത്തുക ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗ അക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് ചുരുങ്ങിയത് 15 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കും. വിവിധ ഏജന്‍സികള്‍ വനംവകുപ്പിന് ഇതുവരെ നല്‍കിയ ഫണ്ടിനെക്കുറിച്ചും അവ ഉപയോഗിച്ച് നടത്തിയ സൗരോര്‍ജവേലി, കല്‍മതില്‍, കിടങ്ങുനിര്‍മാണം എന്നിവയെല്ലാം പരിശോധിക്കും. വനാതിര്‍ത്തികളില്‍ സുരക്ഷാസംവിധാനം ഒരുക്കുന്ന പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കും. കൂടുതല്‍ ഉപകരണങ്ങളും സൗകര്യങ്ങളും നല്‍കി വനംവകുപ്പിനെ ശക്തിപ്പെടുത്തും. കൂടുതല്‍ വാച്ചര്‍മാരെയും ഉദ്യോഗസ്ഥരെയും നിയമിക്കും. ജനമൈത്രി പൊലിസ് സേനയുടെ മാതൃകയില്‍ ഫോറസ്റ്റ് സ്റ്റേഷനെയും മാറ്റും. വനാതിര്‍ത്തിയിലെ കര്‍ഷകരും വനംവകുപ്പും കൈകോര്‍ത്തുകൊണ്ടുള്ള പദ്ധതികളാണ് ഇനി അനിവാര്യം. ഇവര്‍ തമ്മിലുള്ള ഊഷ്മളബന്ധം ദൃഢപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."