കാലാതീതമായ പ്രവാചക ദര്‍ശനം
അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്. അതില്‍ ഏറ്റവും പ്രധാനമാണ് റസൂല്‍ എന്ന അനുഗ്രഹം. ആലുഇംറാന്‍ സൂറത്തില്‍ അല്ലാഹു പറയുന്നു: തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്കു നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുന്‍പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു (164).
തന്നെ അറിയുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കാന്‍ അല്ലാഹു തീരുമാനിച്ചു. മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ അവനു ജീവിക്കാന്‍ സാധ്യമായ ഭൂമിയും അതില്‍ അനിവാര്യമായ വിഭവങ്ങളും സൃഷ്ടിക്കണം. അതൊക്കെയും സൃഷ്ടിച്ച അല്ലാഹുവിനെക്കുറിച്ച് ബോധം നല്‍കുന്നതിനായി പ്രവാചകന്മാരെ നിയോഗിച്ചു. അവരിലൂടെ അനുസരണയും ആരാധനയും പഠിപ്പിച്ചു. പ്രവാചകന്മാരെ നിയോഗിക്കുക എന്നത് മഹത്തായ മാര്‍ഗം തന്നെയായിരുന്നു. ഖുര്‍ആന്‍ പറയുന്നു: നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവനിലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട് (അഹ്‌സാബ് 45, 46). 'അണഞ്ഞുപോകാത്ത വിളക്ക് 'എന്ന അര്‍ഥത്തില്‍ 'സിറാജന്‍ മുനീര്‍' എന്നാണ് വിശുദ്ധ ഖുര്‍ആന്‍ നബി (സ)യെ വിശേഷിപ്പിച്ചത്. ഇതില്‍നിന്ന് സര്‍വകാലത്തേക്കും പവര്‍ഹൗസായി റസൂല്‍ ജ്വലിച്ചുനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ കാലാതീതമായി തിരുനബി (സ) നിലകൊള്ളുന്നു.
ഏതു കാലത്തും പ്രവാചക ദര്‍ശനങ്ങള്‍ മികച്ചുനില്‍ക്കാന്‍ കാരണവും ഇതു തന്നെയാണ്. അല്ലാഹു തിരഞ്ഞെടുത്ത വ്യക്തികളാണ് പ്രവാചകന്മാര്‍. അവരില്‍ ചിലര്‍ മറ്റു ചിലരേക്കാള്‍ ശ്രേഷ്ഠരാണ്. പ്രവാചകരില്‍ (അമ്പിയാഅ്) നിന്നും തിരഞ്ഞെടുക്കപ്പെട്ട ഉന്നതരാണ് 'മുര്‍സലുകള്‍'. അവരെ വിശദീകരിക്കാനാണ് സാധാരണ പ്രവാചകന്മാര്‍ വന്നത്. മുര്‍സലുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ 'ഉലുല്‍ അസ്മുകള്‍' എന്ന പേരിലറിയപ്പെടുന്ന അഞ്ചു പ്രവാചകര്‍. നൂഹ് (അ), ഇബ്‌റാഹീം (അ), മൂസ (അ), ഈസ (അ), മുഹമ്മദ് (സ) എന്നിവരാണവര്‍. അവരില്‍തന്നെ ഏറ്റവും ഉന്നതന്‍ മുഹമ്മദ് (സ) ആണ്. 'അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: ( ചുമരില്‍ വിളക്ക് വയ്ക്കാനുള്ള ) ഒരു മാടം. അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു' (സൂറത്തുന്നൂര്‍ 35). ഇതിന് ഇമാം റാസി (റ) നല്‍കുന്ന വിശദീകരണം ഇപ്രകാരം: 'വിളക്കുമാടം ഇബ്‌റാഹീം, പളുങ്കുപാത്രം ഇസ്മാഈല്‍, വിളക്ക് മുഹമ്മദ് ' എന്നാണ്. ഈ വിളക്കില്‍ നിന്നാണ് പ്രപഞ്ചത്തിനാവശ്യമായ ഊര്‍ജം ലഭ്യമാകുന്നത്. പ്രവാചകന്മാരില്‍ ചിലര്‍ ചില കാലത്തേക്കോ ദേശത്തേക്കോ പ്രത്യേകം വന്നവരാണ്. എന്നാല്‍ എല്ലാ കാലത്തേക്കും എല്ലാ ദേശത്തേക്കും വന്നതാണ് തിരുനബി (സ) എന്നതിനാല്‍ സര്‍വകാലത്തേക്കും അനുയോജ്യമായ നിയമങ്ങളും നിര്‍ദേശങ്ങളുമാണ് അവിടുന്ന് സമര്‍പ്പിച്ചത്. ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണ് തിരുദൂതര്‍ ഇതു പറയുന്നത് എന്നതിനാലാണ് സാര്‍വകാലികവും സമഗ്രവുമായി ഇതു നിലകൊള്ളുന്നത്.
കൊവിഡ് മഹാമാരിയുടെ ദുരന്തത്തില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാര്‍ത്തയാണ് ക്വാറന്റൈന്‍ മാതൃക മുഹമ്മദ് നബി (സ)യാണ് ആദ്യമായി നിര്‍ദേശിച്ചതെന്നത്. കൊറോണ വൈറസിനെ നിയന്ത്രിക്കാന്‍ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളാണ് രോഗികളെ മാറ്റിപ്പാര്‍പ്പിക്കല്‍. പകര്‍ച്ചവ്യാധി തടയാന്‍ ക്വാറന്റൈന്‍ ആദ്യമായി നിര്‍ദേശിച്ച മുഹമ്മദ് നബി (സ)യുടെ അധ്യാപനങ്ങളെ കുറിച്ച് അമേരിക്കയിലെ ന്യൂസ് വീക്ക്, സി.എന്‍.എന്‍ അറബിക് തുടങ്ങിയ മാധ്യമങ്ങള്‍ വളരെ പ്രധാന്യത്തോടെ ചര്‍ച്ച ചെയ്യുകയും ലോകം അതിനെ ശ്രദ്ധയോടെ കാണുകയും ചെയ്തു. രോഗബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകാതിരിക്കാന്‍ ശ്രദ്ധചെലുത്തുന്നത് പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഇന്നു സ്വീകരിച്ചുവരുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ്. ഇതിന്റെ ഭാഗമായി രോഗബാധിത മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും അവിടങ്ങളില്‍നിന്ന് പുറത്തുകടക്കുന്നതിനും നിരോധനമേര്‍പ്പെടുത്തുന്നു. ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്ന രോഗബാധിതരല്ലാത്തവര്‍ക്കും ഈ നിരോധനം ബാധകമാക്കുന്നുണ്ട്.
ലോക്ക് ഡൗണും ക്വാറന്റൈനും അനുഭവിച്ച് പരിചയിച്ചവരോട് കൂടുതല്‍ വിവരിക്കേണ്ടതില്ല. പകര്‍ച്ചവ്യാധിക്കെതിരേ തിരുനബി (സ) സ്വീകരിക്കാന്‍ നിര്‍ദേശിച്ച നിലപാടും ഇതു തന്നെയായിരുന്നു. പ്ലേഗ് ബാധിച്ച നാടുകളിലേക്ക് പ്രവേശിക്കുന്നതും ആ നാട്ടിലുള്ളവര്‍ അവിടുന്ന് പുറത്തുകടക്കുന്നതും നബി തടഞ്ഞു. മാത്രമല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ ആ നാടുകളില്‍നിന്ന് ഭയന്നോടുന്നത് യുദ്ധത്തിനിടയില്‍ പിന്തിരിഞ്ഞോടുന്നതിനു സമാനമായ വന്‍ പാപമായും അവിടെ ക്ഷമിച്ചു കഴിയുന്നത് രക്തസാക്ഷിത്വത്തിനു തുല്യമായ പ്രതിഫലം ലഭിക്കുന്ന സദ്കര്‍മമായും പ്രവാചകന്‍ (സ) പ്രഖ്യാപിച്ചു.
രോഗം ബാധിക്കാത്ത ആരോഗ്യമുള്ളവരും ആ സമയത്ത് പകര്‍ച്ചവ്യാധി മേഖലയില്‍നിന്ന് പുറത്തുപോകരുതെന്നാണ് നബി (സ) നിര്‍ദേശിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും അയാള്‍ രോഗാണുവാഹകന്‍ ആകാമെന്ന് ലോകാരോഗ്യ സംഘടന തുറന്നുപറയുന്നു. 'വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് ' എന്നു ബോധ്യപ്പെടുത്തിയ പ്രവാചകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ ഒട്ടുമിക്ക രോഗങ്ങളെയും പ്രതിരോധിക്കാന്‍ കഴിയും. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ കൈകൊണ്ടോ വസ്ത്രം കൊണ്ടോ വായും മൂക്കും പൊത്തിപ്പിടിക്കുക, അഞ്ചു നേരവും നിസ്‌കാരത്തിനു മുന്‍പായും ഉറങ്ങി ഉണര്‍ന്നാലും യാത്ര കഴിഞ്ഞ് വന്നാലും പല്ലു തേക്കുക, മല-മൂത്ര വിസര്‍ജനം കഴിഞ്ഞാല്‍ ഇടതു കൈകൊണ്ട് വെള്ളമുപയോഗിച്ച് കഴുകുക, ഗുഹ്യരോമങ്ങള്‍ കളയുകയും നഖം മുറിക്കുകയും ചെയ്യുക, ഭക്ഷണം പാകം ചെയ്യുന്നതിനു മുന്‍പ് കൈ കഴുകുക, വെള്ളവും ഭക്ഷണവുമുള്ള പാത്രങ്ങള്‍ അടച്ചുവയ്ക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ തിരുനബി (സ)യുടേതായി നമുക്ക് വായിക്കാന്‍ സാധിക്കും. അവിടുത്തെ കാഴ്ചപ്പാടുകള്‍ എത്ര ശാസ്ത്രീയമായാണ് ആധുനികലോകം വിശകലനം ചെയ്യപ്പെടുന്നത്. അതെ, കാലാതീതമാണ് പ്രവാചക ദര്‍ശനം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."