കോതമംഗലം ബസ് ബേ സമ്പ്രദായത്തിന് എതിരേ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
കോതമംഗലം: ആയിരകണക്കിന് യാത്രികരെയും വ്യാപാരികളേയും ദുരിതത്തിലാക്കുന്ന അശാസ്ത്രീയമായ ബസ് ബേ തീരുമാനത്തിനെതിരേ ടൗണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രക്ഷോഭ സമരത്തിലേക്ക്. കോതമംഗലത്ത് ബസ് ബേ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ പേരില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി അടുത്തമാസം 12 നാണ് അദാലത്ത്.
കോതമംഗലം സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ വര്‍ഷങ്ങളായിട്ടുള്ള പാര്‍ക്കിങ് സമയം നിലവില്‍ ദീര്‍ഘദൂര ബസുകള്‍ക്ക് അഞ്ച് മിനുട്ടും ഹ്രസ്വദൂര ബസുകള്‍ക്ക് മൂന്ന് മിനുട്ടുമാണ്. ഹൈറേഞ്ച്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, എറണാകുളം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകള്‍ പ്രധാന സ്റ്റാന്‍ഡില്‍ നിന്നാണ് ഇപ്പോള്‍ പുറപ്പെടുന്നത്. പടിഞ്ഞാറ് ഭാഗത്തേക്കുള്ള ബസുകള്‍ ഹൈറേഞ്ചു ബസ് സ്റ്റാന്‍ഡില്‍ നിന്നും കിഴക്കന്‍ മേഖലകളിലേക്കുള്ള ബസുകള്‍ തങ്കളം അഡീഷണല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടുന്നതിന് സൗകര്യകരമായ വിധത്തില്‍ ബസ് വേ ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് പാസഞ്ചേഴ്‌സ് അസോസിയേഷന്റ പേരില്‍ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ഈ ആവശ്യം നടപ്പിലായാല്‍ പ്രധാന ബസ് സ്റ്റാന്‍ഡില്‍ ബസുകളുടെ പാര്‍ക്കിങ് സമയം ഒരു മിനുട്ടായി കുറയും.
അതേസമയം പ്രധാന ബസ് സ്റ്റാന്‍ഡില്‍ ഒരു മിനുട്ട് സമ്പ്രദായം നടപ്പിലായാല്‍ യാത്രക്കാര്‍ക്ക് ദുരിതമായിരിക്കും ഫലമെന്നാണ് ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ചൂണ്ടി കാണിക്കുന്നത്. ഒരു മിനുട്ട് സമ്പ്രദായം നടപ്പിലായാല്‍ ബസുകള്‍ക്ക് പ്രധാന ബസ് സ്റ്റാന്‍ഡില്‍ കയറിയിറങ്ങാന്‍ പോലും സമയമുണ്ടാകില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രധാന സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ ആശുപത്രിയും നഗരസഭ ഓഫിസും പ്രധാന ബസ് സ്റ്റാന്‍ഡിന് സമീപമായാണ് പ്രവര്‍ത്തിക്കുന്നത്. കോളജുകളിലടക്കം പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കെത്തണമെങ്കിലും യാത്രക്കാര്‍ക്ക് പ്രധാന ബസ് സ്റ്റാന്‍ഡിനെ ആശ്രയിക്കേണ്ടിവരും. ഹൈറേഞ്ച് ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് തങ്കളം അഡീഷണല്‍ ബസ് സ്റ്റാന്‍ഡിലും പടിഞ്ഞാറന്‍ മേഖലകളിലേക്കും മൂവാറ്റുപുഴ ഭാഗത്തേക്കും ഉള്ള യാത്രക്കാര്‍ ഹൈറേഞ്ച് ബസ് സ്റ്റാന്‍ഡിലും എത്തിയിട്ടു വേണം യാത്ര ചെയ്യാന്‍. ഇതിനു പുറമെ പ്രധാന ബസ് സ്റ്റാന്‍ഡിനോട് അനുബന്ധിച്ചുള്ള വ്യാപാര ഇടപാടുകളും ശോഷിക്കും.
8 ലക്ഷം രുപയാണ് പ്രധാന ബസ് സ്റ്റാന്‍ഡിനോട് അനുബന്ധിച്ചുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വാടകയിനത്തില്‍ മാത്രംനഗരസഭ പ്രതിമാസം ഈടാക്കുന്നതെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
സമയ കുറവ് മൂലം ബസ്സ്റ്റാന്‍ഡില്‍ കയറാതെ ബസ്സ്റ്റാന്‍ഡിന് സമീപത്ത് റോഡരികില്‍ ആളുകളെ കയറ്റാനായി ബസ് നിര്‍ത്തിയിടാന്‍ നിര്‍ബന്ധിതരാകുമെന്നാണ് ബസ് ഓണേഴ്‌സിന്റെ അഭിപ്രായം. ഇത് വന്‍ ഗതാഗതകുരുക്കിന് ഇത് വഴിയൊരുക്കം. 12 ന് നടക്കുന്ന അദാലത്തിലേക്ക് നഗരസഭ, പോലീസ്, പാസഞ്ചേഴ്‌സ് അസോസിയേഷന്‍, ആര്‍.ടി.ഒ അധികൃതര്‍ എന്നിവരെയാണ് ക്ഷണിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."