വായ്പ തരപ്പെടുത്താമെന്ന പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്
കാട്ടാക്കട: ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് ഒന്നുമുതല്‍ അഞ്ചുലക്ഷം രൂപവരെ പേഴ്‌സണല്‍ ലോണ്‍ തരപ്പെടുത്തി കൊടുക്കാമെന്ന വാഗ്ദാനം നല്‍കി തട്ടിപ്പ്. അപേക്ഷകരില്‍ നിന്ന് 2500 മുതല്‍ 5000 രൂപവരെ മുന്‍കൂട്ടി വാങ്ങി തട്ടിപ്പ് നടത്തിയ സ്ഥാപനത്തിനെതിരേ മലയിന്‍കീഴ് പൊലിസില്‍ പരാതി.
മലയിന്‍കീഴ് തച്ചോട്ടുകാവിനു സമീപം കൈരളിനഗറിലെ ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി.ആര്‍.കെ ക്യാപ്പിറ്റല്‍ സൊല്യൂഷന്‍ എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. ഇന്നലെ വൈകിട്ട് ആറുപേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഓഫിസില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു.
തട്ടിപ്പ് നടത്തിയതായി പറയുന്ന സ്ഥാപനത്തിന് ഒരുതരത്തിലുമുള്ള ഔദ്യോഗിക ലൈസന്‍സുകളും ഇല്ലെന്നാണ് പ്രാഥമിക വിവരമെന്ന് മലയിന്‍കീഴ് പൊലിസ് പറയുന്നു. മണക്കാട് സ്വദേശിയായ സ്ഥാപന ഉടമ പൊലിസ് കസ്റ്റഡിയിലെന്ന് സൂചനയുണ്ട്. സ്ഥാപനത്തിലെത്തി വായ്പയ്ക്ക് അപേക്ഷ നല്‍കിയാല്‍ ഒരാഴ്ചക്കുള്ളില്‍ ലോണ്‍ പാസായതായി മെസേജ് ലഭിക്കും.
2500 മുതല്‍ 5000 വരെയുള്ള സര്‍വിസ് ചാര്‍ജ് അന്നുതന്നെ അടക്കണം. ആയിരത്തിലധികം പേര്‍ പണമടച്ച് വായ്പക്ക് വേണ്ടി കാത്തിരിന്നുവെങ്കിലും ഒരാള്‍ക്ക് പോലും ഇതുവരെ തുക നല്‍കിയിട്ടില്ല. പത്തിനും ഇരുപതിനും ഇടക്കുള്ള അപേക്ഷകര്‍ക്ക് ഇന്നലെ ഉച്ചയ്ക്ക് ലോണ്‍ തുക നല്‍കാമെന്ന് പറഞ്ഞതനുസരിച്ച് എത്തിയവര്‍ക്ക് അടുത്തമാസത്തെ അവധി നല്‍കിയതോടെയാണ് പ്രതിഷേധം ഉയര്‍ന്നതും പൊലിസില്‍ ഏതാനുംപേര്‍ പരാതി നല്‍കാന്‍ തയാറായതും.
പരാതി നല്‍കിയവര്‍ക്ക് പണം നല്‍കി കേസില്‍ നിന്നും രക്ഷപ്പെടാന്‍ ഉടമ നീക്കം തുടങ്ങിയതായാണ് വിവരം. അതേസമയം തട്ടിപ്പിനിരയായ കൂടുതല്‍പേര്‍ ഇന്ന് പൊലിസില്‍ പരാതി നല്‍കുമെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."