ടിപ്പര്‍ വാഹനങ്ങള്‍ പൊലിസ് തടയുന്നതായി പരാതി
നെടുമ്പാശ്ശേരി: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ മധ്യവേനലവധിക്ക് അടച്ച് ഒന്നര മാസം പിന്നിട്ടിട്ടും മോട്ടോര്‍ വാഹന വിഭാഗവും പൊലിസും സ്‌ക്കൂള്‍ സമയ നിരോധനത്തിന്റെ പേരില്‍ ടിപ്പര്‍ വാഹനങ്ങള്‍ തടയുകയും പിഴ ഈടാക്കുകയും ചെയ്യുന്നതായി പരാതി വ്യാപകമാകുന്നു. സ്‌കൂള്‍ അധ്യയനം നടക്കുന്ന ദിവസങ്ങളില്‍ ജില്ലയില്‍ ടോറസ് അടക്കമുള്ള ടിപ്പര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് രാവിലെയും വൈകീട്ടും നിശ്ചിത സമയങ്ങളില്‍ ഈ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. സാധാരണയായി അവധി ദിവസങ്ങളില്‍ ഇത് ബാധകമാകാറില്ല.
എന്നാല്‍ ഇത്തവണ വെക്കേഷന്‍ ദിവസങ്ങളിലും സ്‌ക്കൂള്‍ സമയത്തിന്റെ പേര് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതായാണ് പരാതി ഉയര്‍ന്നിരിരിക്കുന്നത്. ആലുവ, നെടുമ്പാശ്ശേരി, അങ്കമാലി, പറവൂര്‍, കാലടി മേഖലകളിലാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നത്. മദ്ധ്യവേനല്‍ അവധിക്കാലത്ത് പ്രത്യേക ക്ലാസുകള്‍ പോലും നടത്തരുതെന്നാണ് മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും സ്‌കുളുകള്‍ക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സി.ബി.എസ്.ഇ സ്‌കൂളുകള്‍ അടക്കം അവധിക്കാല ക്ലാസുകള്‍ നടത്തുന്നില്ല. ഈ സാഹചര്യത്തിലാണ് സ്‌കൂള്‍ സമയത്തിന്റെ പേരില്‍ ചരക്കു വാഹനങ്ങളെ മോട്ടോര്‍ വാഹന വിഭാഗം ഉദ്യോഗസ്ഥരും പൊലിസും കഷ്ടപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."