മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നടന്നു വരുന്ന കേസ് തിങ്കളാഴ്ച പരിഗണിക്കും. 2016 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനാണ് കേസ് ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി.ബി അബ്ദുല്‍ റസാഖും, സുരേന്ദ്രനും തമ്മിലായിരുന്നു നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നത്.
വോട്ടെണ്ണിയപ്പോള്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.ബി അബ്ദുല്‍ റസാഖ് മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ അബ്ദുല്‍ റസാഖിന്റെ വിജയം റദ്ധാക്കണമെന്നും തന്നെ മഞ്ചേശ്വരം എം.എല്‍.എ ആയി പ്രഖ്യാപിക്കണമെന്നും കാണിച്ചു സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചു. പ്രവാസികളും മരിച്ചവരും മണ്ഡലത്തില്‍ വോട്ടു ചെയ്തുവെന്നും ഇതേ തുടര്‍ന്നാണ് അബ്ദുല്‍ റസാഖിന്റെ വിജയമെന്നും കാണിച്ചായിരുന്നു ഹരജി. എന്നാല്‍ സുരേന്ദ്രന് നല്കിയ ലിസ്റ്റിലെ ഒട്ടനവധി വോട്ടര്‍മാരെ ഹൈക്കോടതി നേരിട്ട് വിളിച്ചു തെളിവെടുപ്പ് നടത്തിയതോടെ സുരേന്ദ്രന്റെ വാദം തെറ്റാണെന്നു കോടതിയില്‍ തെളിയുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍.
അതിനിടയില്‍ പി.ബി അബ്ദുല്‍ റസാഖ് മരിക്കുകയും കേസ് തുടരുന്നു എന്ന് ഹൈക്കോടതി സുരേന്ദ്രനോട് ചോദിക്കുകയും ചെയ്തിരുന്നു. ആദ്യം ഇതിനു വഴങ്ങില്ലെങ്കിലും പിന്നീട് മണ്ഡലത്തിലെ ജനങ്ങളെ പ്രയാസപ്പെടുത്താന്‍ താനില്ലെന്ന വാദം ഉന്നയിച്ചു കേസില്‍ നിന്നും പിന്മാറുന്നതായി സുരേന്ദ്രന് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്ക് വേണ്ടിയാണ് നാളെ കേസ് പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."