പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന: സര്‍ക്കാര്‍ ലക്ഷ്യം 84,972 കോടി
വി.എം. ഷണ്‍മുഖദാസ്
പാലക്കാട്: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ റിലയന്‍സ് ഉള്‍പ്പെടെയുള്ള സ്വകര്യ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ആദ്യഘട്ടത്തില്‍ എയര്‍ ഇന്ത്യ,സ്‌കൂട്ടേഴ്‌സ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് തുടങ്ങി 25 പൊതുമേഖലാ സ്ഥാപനങ്ങളാണ് വില്‍ക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ ബെമല്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, എന്‍.ടി.പി.സി, സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ 50 പൊതു മേഖലാസ്ഥാപനങ്ങള്‍ കൂടി സ്വകാര്യ മേഖലക്ക് കൈമാറാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,350 കോടിയോളം രൂപ പൊതുമേഖലാ കമ്പനികളുടെ വില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019- 2020 സാമ്പത്തിക വര്‍ഷത്തില്‍ 84,972 കോടി രൂപയുണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്താകെ 56,000 കോടിയോളം രൂപയുടെ ആസ്തിയുള്ള ബെമല്‍ പ്രതിരോധ മേഖലക്കാവശ്യമായ വാഹനങ്ങളും റോക്കറ്റ് ലോഞ്ചറുകളും തീവണ്ടി കോച്ചുകളും നിര്‍മ്മിക്കുന്ന ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കഞ്ചിക്കോട് ബെമല്‍ ഇന്ത്യന്‍ കരസേനക്ക് മികച്ച നിലവാരത്തിലുള്ള ടെട്രാ ട്രക്‌സ് നിര്‍മിച്ച് നല്‍കിയ സ്ഥാപനം കൂടിയാണ്. എല്‍.ബി.എച്ച്.ബി കോച്ചുകളും ബെമലില്‍ നിര്‍മിക്കുന്നുണ്ട്.
ഇപ്പോള്‍ മെട്രോ റെയില്‍ കോര്‍പറേഷന് കോച്ചുകള്‍ നിര്‍മിക്കാനുള്ള കരാറും ബെമലിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ബി.ജെ. പി. സര്‍ക്കാര്‍ ബെമലിനെ തുച്ഛമായ വിലക്ക് വില്‍ക്കാന്‍ നീക്കം നടത്തിയിരുന്നു.
ജനകീയ പ്രതിക്ഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയെങ്കിലും, ഇപ്പോള്‍ വീണ്ടും ഈ സ്ഥാപനത്തെ വില്‍പ്പനക്കായി വെച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടയില്‍ പരമാവധി വേഗത്തില്‍ വില്‍പ്പനയും കൈമാറ്റവും നടത്താനാണ് നീക്കം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."