നല്ലളം മാങ്കുനിത്തോട് ശുദ്ധീകരിക്കാന്‍ പദ്ധതി തയാറാകുന്നു
ഫറോക്ക് : നല്ലളം മാങ്കുനിത്തോട് മാലിന്യമുക്തമാക്കാന്‍ പദ്ധതി തയാറാകുന്നു. കോര്‍പറേഷന്‍ പിരിധിയിലെ 40,41,42 ഡിവിഷനുകളിലെ ജനങ്ങളുടെ ദുരിതമായ മാലിന്യ വാഹിയായ മാങ്കുനിത്തോട് ശുദ്ധീകരിക്കുന്നതിന് അരക്കോടി രൂപയുടെ പദ്ധതിക്കു ജലവിഭവ വകുപ്പാണ് മേല്‍നോട്ടം വഹിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ ഇന്നലെ മാങ്കുനിത്തോടും പരിസവും സന്ദര്‍ശിച്ചു.
മാങ്കുനിത്തോട് ശുദ്ധീകരിക്കണമെന്നത് ജനങ്ങളുടെ ഏറെനാളത്തെ ആവശ്യമാണ്. വി.കെ.സി.മമ്മദ്‌കോയ എം.എല്‍.എ മേയറായിരുന്ന സമയത്ത് ശുദ്ധീകരണത്തിനായി പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ഒരു തവണ ട്രയല്‍ ശുചീകരണവും നടന്നിരുന്നു. തോട് വൃത്തിയാക്കി ആഴം കൂട്ടി ജലത്തിന്റെ ഒഴുക്ക് സുഗമമാക്കുകയും പാര്‍ശ്വഭിത്തി കെട്ടിസംരക്ഷിക്കാനുമാണ് ഉദ്ദേശിക്കുന്നത്.
തോട് മാലിന്യം നിറഞ്ഞതിനാല്‍ കോര്‍പറേഷനിലെ 40,41 ഡിവിഷനുകളിലുള്ളവരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. കോര്‍പറേഷന്‍ ട്രഞ്ചിങ് ഗ്രൗണ്ട്, ഒ.ഡി.ഇ.പി.ഇ.സി കോളനി, കാലിക്കറ്റ് ഓര്‍ഫനേജ്, ആശുപത്രി, പി.കെ.സ്റ്റീല്‍സ് എന്നിവടങ്ങളില്‍ നിന്നെല്ലാമാണ് മലിന ജലം മാങ്കുനിത്തോടിലേക്ക് ഒഴുകിയെത്തുന്നതായാണ് പരാതി. തോടിനെ മാലിന്യ മുക്തമാക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ചിരുന്നു. ഇറിഗേഷന്‍ എക്‌സി.എന്‍ജിനിയര്‍ ബാബു തോമസ്, അസി.എക്‌സി എന്‍ജിനിയര്‍ ഉണ്ണികൃഷ്ണന്‍, അസി. എന്‍ജിനിയര്‍ കെ.ഫൈസല്‍ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് പരിശോധനക്കെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."