മണ്ണുത്തി, മുല്ലക്കര സെന്റര്‍ റോഡ്;അടിപ്പാത നിര്‍മാണം അട്ടിമറിക്കുന്നുവെന്ന്
തൃശൂര്‍: മണ്ണുത്തി, മുല്ലക്കര സെന്റര്‍ റോഡില്‍ അടിപ്പാത നിര്‍മാണം ചില വ്യക്തികള്‍ അട്ടിമറിക്കുകയാണെന്ന് ബ്രദേഴ്‌സ് ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ദിവസവും നിരവധി അപകടങ്ങള്‍ നടക്കുന്ന ഈ ഭാഗത്ത് അടിപ്പാത നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഏഴു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അനുമതി ലഭിച്ചിരുന്നത്.
ജില്ലാ കലക്റ്റര്‍, എം.പിമാരായ സി.എന്‍ ജയദേവന്‍, സുരേഷ് ഗോപി, കെ. രാജന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ എം.പി വിന്‍സന്റ് എന്നിവരുടെ ഇടപെടലും നിര്‍മാണാനുമതിക്ക് വഴിയൊരുക്കി.
നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കവെ മുല്ലക്കര സെന്ററിലെ ചില കച്ചവടക്കാരും അവരുടെ അനുയായികളും മന്ത്രിമാരെയും ഹൈവേ നിര്‍മാണ അതോറിറ്റിയെയും സമീപിച്ചതിനെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവച്ചു. നിലവില്‍ മുല്ലക്കരയിലെ അടിപ്പാതയല്ല വേണ്ടത്, സിഗ്‌നല്‍ സംവിധാമാണ് വേണ്ടതെന്നാവശ്യപ്പെട്ട് 200 പേരെ കബിളിപ്പിച്ച് ഒപ്പും ശേഖരിച്ചാണ് മന്ത്രിമാരെ കണ്ടതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
മുല്ലക്കരയിലെ ആറുവരി പാതയില്‍ കാല്‍നടയാത്രകാര്‍ക്ക് ഇരുവശവും ഭയത്തോടെ വേണം കടക്കാന്‍. അമിത വേഗതിയില്‍ വരുന്ന വാഹനങ്ങളാണ് ഇതുവഴി ഇപ്പോള്‍ കടന്നുപോകുന്നത്. ഇതുവരെ 514 അപകടങ്ങളില്‍ 154 ജീവന്‍ പൊലിഞ്ഞു. നിര്‍മാണം പൂര്‍ത്തിയായാല്‍ നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ വേഗതയിലാണ് വാഹനങ്ങള്‍ വരുക.
അപകട സാധ്യത ചൂണ്ടികാണിച്ചാണ് അടിപ്പാത നിര്‍മിക്കണമെന്നാവശ്യം അംഗീകരിച്ചത്. എന്നാല്‍ മന്ത്രിമാരായ വി.എസ് സുനില്‍കുമാറിനെയും ജി. സുധാകരനെയും ചിലയാളുകള്‍ കണ്ടതാണ് നിര്‍മാണം തടസപ്പെടുത്തിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. മതവികാരം ഇളക്കിവിട്ട് അടിപ്പാത നിര്‍മാണത്തെ വഴിതിരിച്ചുവിടാനും ചിലര്‍ ശ്രമിക്കുന്നതായി ബിജെപി ഒല്ലൂര്‍ നിയോജകമണ്ഡലം സെക്രട്ടറി കെ.വി വിമേഷ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പി.ബി സതീഷ്, ക്ലബ് ഭാരവാഹികളായ രാജേഷ് എലവത്തിങ്കല്‍, സി.ആര്‍. ലിന്റോ, ജിജോ ആന്റോ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."