കുവൈത്തിലെ മൈതാനങ്ങളില്‍ നിറഞ്ഞുകളിച്ച് കോഴിക്കോടിന്റെ സ്വന്തം ജാരിസ്
കോഴിക്കോട്: കുവൈത്തിലെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മിന്നും താരമായി കളം നിറഞ്ഞു നില്‍ക്കുകയാണ് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജാരിസ്. ഓരോ വര്‍ഷവും നാട്ടില്‍ നിന്ന് പ്രതിഭാധനരായ താരങ്ങള്‍ കുവൈറ്റിലെത്തുമ്പോഴും അവരില്‍ നിന്നൊക്കെ വ്യത്യസ്തമായാണ് ജാരിസ് തിളങ്ങി നില്‍ക്കുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ജാരിസിന്റെ ബൂട്ടണിയല്‍. മാസത്തില്‍ ഒരു ദിവസം ലഭിക്കുന്ന അവധിയും മറ്റുമാണ് കളിക്കാനുള്ള അവസരം. രണ്ടുവര്‍ഷമായി കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്.
ചക്കിട്ടപ്പാറയിലെ മിനി സ്റ്റേഡിയങ്ങളില്‍ ജാരിസ് മികവ് തെളിയിക്കുന്നത് 14 വയസ് മുതലാണ്. പ്രതീക്ഷ ക്ലബിനു വേണ്ടി ബൂട്ടണിഞ്ഞായിരുന്നു തുടക്കം. കളിക്കളത്തിലെ പ്രാഗത്ഭ്യം മങ്ങാതെ കാത്തുസൂക്ഷിക്കാന്‍ കഴിന്നുവെന്നതും ജാരിസിനെ വേറിട്ടു നിര്‍ത്തുന്നു. പലപ്പേഴും ജോലി കാരണം ജാരിസിന് പരിശീലനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാറില്ല. എന്നാലും മികച്ച ശാരീരികക്ഷമത നിലനിര്‍ത്താന്‍ ജാരിസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഗ്രൗണ്ടിലിറങ്ങിയാല്‍ അധ്വാനിച്ചു കളിക്കുന്ന താരം കേഫാക്കിലെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ്. ഏതു പൊസിഷനായാലും അനായാസം കളിക്കാനുള്ള ജാരിസിന്റെ കഴിവും ശ്രദ്ധേയമാണ്. മികച്ച വേഗവും പന്തടക്കവും ഉയര്‍ന്നു വരുന്ന പന്തുകള്‍ നേരിടാനുള്ള മികവും പ്രത്യേകതകളായി എടത്തുപറയാം. കളിയുള്ള ദിവസങ്ങളില്‍ എത്ര പ്രയാസപ്പെട്ടാലും ജാരിസ് ഗ്രൗണ്ടിലെത്തും .
കളിക്കാര്യം പോലെ തന്നെ ആകര്‍ഷണീയമാണ് ജാരിസിന്റെ സ്വഭാവവും. ജോലി കാരണം ചില മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും പങ്കെടുത്ത മത്സരങ്ങളില്‍ ഗോളുകള്‍ നേടി ടീമിനെ കിരീടമണിയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് ജാരിസ് വഹിക്കാറുള്ളത്. കെഫാക് സീസണ്‍ രണ്ടു മുതല്‍ ഗ്രൗണ്ടില്‍ തിളങ്ങി നില്‍ക്കുന്ന ജാരിസ് കേഫാക്കിലെ എതിരാളികളുടെ പേടിസ്വപ്നമാണ്.
കാസര്‍കോട് അസോസിയേഷന്‍ നടത്തിയ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനത്തോടെ കെ.ഡി.എഫ്.എ കോഴിക്കോട് ടീമിന് കിരീടം നേടിക്കൊടുത്തു. ഏറെക്കാലം സ്‌കൈ ബ്ലൂ എടപ്പാളിന്റെ താരവുമായിരുന്നു. സെവന്‍സ് ഫുട്‌ബോളിലെ വമ്പന്മാരായ ശാസ്താ മെഡിക്കല്‍സിന് വേണ്ടിയും ജാരിസ് ബൂട്ടണിഞ്ഞിട്ടുണ്ട്. കുവൈത്തിലെ പ്രമുഖ ടീമായ മാക് കുവൈത്തിനു വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്. ജാരിസിന്റെ സഹോദരന്‍ അര്‍ഷാദും മികച്ച ഫുട്‌ബോള്‍ താരമാണ്. നേരത്തെ കുവൈത്തില്‍ ജാരിസിന്റെ കൂടെ അര്‍ഷാദും കളിച്ചിരുന്നു. ചക്കിട്ടപ്പാറയാണ് ജന്മദേശമെങ്കിലും ഇപ്പോള്‍ പയ്യോളി ഇരിങ്ങത്താണ് കുടുംബസമേതം ജാരിസ് താമസിക്കുന്നത്. ചടവത്ത് ഗഫൂര്‍-ശരീഫ ദമ്പതികളുടെ മകനാണ്. ഭാര്യ: സലീന മകള്‍: മുസിരിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."