കൊച്ചി മെട്രോ: മൂന്ന് കിലോമീറ്റര്‍ പാതക്കുകൂടി കേന്ദ്രസഹായം
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണപ്രവര്‍ത്തനത്തില്‍ മൂന്ന് കിലോമീറ്റര്‍ പാതയ്ക്കുകൂടി കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. പേട്ടയില്‍ നിന്നും തൃപ്പൂണിത്തുറവരെയുള്ള പാതയ്ക്കാണ് സഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മതം നല്‍കിയത്. ഇതോടെ കൊച്ചിമെട്രോയുടെ ആദ്യഘട്ടം ആലുവ മുതല്‍ തൃപ്പൂണിത്തുറവരെയാകും.
പേട്ട മുതല്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള മൂന്നു കിലോമീറ്റര്‍ മെട്രോ പാതയുടെ നിര്‍മാണത്തിനാണു സാമ്പത്തിക സഹായം നല്‍കാമെന്ന് ഡെല്‍ഹിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് കെ.എം.ആര്‍.എല്‍ ചെയര്‍മാനും കേന്ദ്ര നഗരകാര്യവകുപ്പ് സെക്രട്ടറിയുമായ ദുര്‍ഗ ശങ്കര്‍ മിശ്ര സമ്മതം അറിയിച്ചത്. ഒപ്പം പദ്ധതി നിര്‍മാണത്തിന് അധികമായി വേണ്ടിവരുന്ന 1330 കോടി രൂപ ദേശീയ, അന്തര്‍ദേശീയ ധനകാര്യ ഏജന്‍സികളില്‍ നിന്നു വായ്പ എടുക്കാനുള്ള അനുമതിയും നല്‍കി.
കലൂര്‍ ജെ.എല്‍.എന്‍ സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള രണ്ടാംഘട്ടത്തിനായി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുള്ള ഫ്രഞ്ച് ധനകാര്യ ഏജന്‍സി (എ.എഫ്.ഡി), വാട്ടര്‍ മെട്രോയ്ക്കായി സാമ്പത്തിക സഹായം നല്‍കുന്ന ജര്‍മന്‍ ധനകാര്യ ഏജന്‍സിയായ (കെ.എഫ്.ഡബ്ല്യൂ), ജാപ്പനീസ് ധനകാര്യ ഏജന്‍സിയായ ജൈക്ക എന്നീ സ്ഥാപനങ്ങളില്‍ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നവരില്‍ നിന്നു വായ്പ എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
2019 മേയില്‍ മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള നിര്‍മാണപ്രവര്‍ത്തനവും ഡിസംബറില്‍ പേട്ടവരെയുള്ള നിര്‍മാണപ്രവര്‍ത്തനവും പൂര്‍ത്തിയാകും.
ഡിസംബറില്‍ തന്നെ പേട്ടമുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍വരെയുള്ള പാതയുടെ ശിലാസ്ഥാപനവും നടക്കും. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍വരെയുള്ള നിര്‍മാണത്തിന്റെ വിശദ പദ്ധതി രേഖ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. നിര്‍മാണ ചെലവിന്റെ 15 ശതമാനമാണു കേന്ദ്ര വിഹിതമായി സമ്മതിച്ചിരിക്കുന്നത്.
റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് റോഡ്, റെയില്‍, മെട്രോ ഗതാഗത മാര്‍ഗങ്ങളെ ഏകോപിപ്പിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് ഹബും ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."