ലോവര്‍ പെരിയാര്‍: വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കാന്‍ തീവ്ര നടപടി
തൊടുപുഴ: ലോവര്‍ പെരിയാര്‍ വൈദ്യുതിനിലയത്തിന്റെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ജനറേറ്ററുകളുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തിയിട്ടില്ല. ടണലില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും കല്ലും മണ്ണും നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇനി മൂന്നുദിവസം കൊണ്ട് ടണല്‍ വൃത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കെ.എസ്.ഇ.ബി കോര്‍പറേറ്റ് പ്ലാനിങ് ജനറേഷന്‍ ഇലക്ട്രിക്കല്‍ ഡയരക്ടര്‍ എന്‍. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം ഇന്നലെ കരിമണലിലെ വൈദ്യുതിനിലയവും ലോവര്‍ പെരിയാര്‍ അണക്കെട്ടും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഒരാഴ്ചക്കുള്ളില്‍ വൈദ്യുതി ഉല്‍പാദനം പുനരാരംഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം സുപ്രഭാതത്തോട് പറഞ്ഞു. കെ.എസ്.ഇ.ബി ജനറേഷന്‍ ചീഫ് എന്‍ജിനിയര്‍ സിജി ജോസ്, കോതമംഗലം സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ നാരായണന്‍, വൈദ്യുതിനിലയത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ബിജു രാജന്‍, ടാസ്‌ക് ഫോഴ്‌സ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജോസ് മാത്യു, സിവില്‍ സബ് ഡിവിഷന്‍ അസി. എക്‌സി. എന്‍ജിനിയര്‍ കെ.ജെ ജോസ് എന്നിവര്‍ ഡയരക്ടറോടൊപ്പം ഉണ്ടായിരുന്നു. വൈദ്യുതിനിലയത്തില്‍ മുന്‍പ് ജോലിചെയ്തിരുന്ന വിദഗ്ധരായ എന്‍ജിനിയര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.
ഓഗസ്റ്റ് 11ന് രാത്രി 11.30 ഓടെയാണ് ടണലില്‍ എയര്‍ ബ്ലോക്കുണ്ടായി വന്‍ മര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് 70 ടണ്‍ ഭാരമുള്ള ഗെയ്റ്റടക്കം തകര്‍ന്നത്. തുടര്‍ന്ന് ടണലില്‍ കല്ലും മണ്ണും അടിച്ചുകയറുകയായിരുന്നു. 12.75 കിമീ. നീളത്തിലുള്ള ടണലില്‍ 600 മീറ്ററോളം ചെളി നിറഞ്ഞിരുന്നു.
60 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളിലായി 180 മെഗാവാട്ടാണ് ലോവര്‍ പെരിയാര്‍ പദ്ധതിയുടെ ഉല്‍പാദനശേഷി. പ്രതിദിനം കോടികളുടെ ഉല്‍പാദന നഷ്ടമാണ് ഇവിടെ ഉണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."