പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്ക സന്ദര്‍ശിച്ചു
കൊളംബോ: മാലദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്ക സന്ദര്‍ശിച്ചു. തലസ്ഥാനമായ കൊളംബോയില്‍ ഇന്നലെ രാവിലെ എത്തി മോദി ഈസ്റ്റര്‍ ദിനത്തിലുണ്ടായ തീവ്രവാദ ആക്രമണത്തെ അപലപിച്ചു. ഭീകരതയ്‌ക്കെതിരേ ഇന്ത്യയും ശ്രീലങ്കയും ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഭീകരാക്രമണം നടന്ന കൊളംബോയിലെ സെന്റ് ആന്റണീസ് ദേവാലയം പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മോദി ആദരാഞ്ജലിയര്‍പ്പിച്ചു. ഏപ്രില്‍ 21ന് നടന്ന ഭീകരാക്രമണത്തിന് ശേഷം ശ്രീലങ്ക സന്ദര്‍ശിക്കുന്ന ആദ്യ വിദേശരാഷ്ട്രത്തലവനാണ് പ്രധാനമന്ത്രി മോദി.
ഭീകരതയ്‌ക്കെതിരേ പോരാടാന്‍ ശ്രീലങ്കയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ശ്രീലങ്കയ്ക്ക് തന്റെ മനസില്‍ ഒരു പ്രത്യേകസ്ഥാനമുണ്ടെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം ട്വീറ്റ് ചെയ്തു.
ശ്രീലങ്ക ഈ അപകടത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. തീവ്രവാദികള്‍ക്ക് ലങ്കയുടെ കരുത്തിനെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ഇന്ത്യയുടെ എല്ലാവിധ പിന്തുണയും ശ്രീലങ്കന്‍ ജനതക്കുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയെ ശ്രീലങ്കയുടെ ഉറ്റസുഹൃത്തെന്ന് വിളിച്ചാണ് സിരിസേന നന്ദിപ്രകടനം നടത്തിയത്.
ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് മഹീന്ദ രാജപക്ഷെ, തമിഴ് ദേശീയസഖ്യത്തിലെ അംഗങ്ങള്‍ എന്നിവരുമായും മോദി ചര്‍ച്ച നടത്തി. ശ്രീലങ്കയിലെ ഇന്ത്യന്‍ ജനതയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."