ന്യൂനപക്ഷ വിരുദ്ധ പ്രചാരണത്തില്‍ ബി.ജെ.പിക്കും സി.പി.എമ്മിനും ഒരേ സ്വരം
പാലക്കാട് : കടുത്ത പ്രതിഷേധം ഉയരുന്നതിനിടയിലും കേന്ദ്രത്തേക്കാള്‍ മുന്നേ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കായി റെക്കോര്‍ഡ് വേഗത്തില്‍ സംവരണം ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാരിനെ ന്യായീകരിച്ചും പിന്തുണച്ചും സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് ബി.ജെ.പിയുടെ സൈബര്‍ വിഭാഗം. ഇവര്‍ പടച്ചുവിടുന്ന കടുത്ത വര്‍ഗീയ, വസ്തുതാവിരുദ്ധ, കലാപാഹ്വാന സന്ദേശങ്ങളാണ് ബി.ജെ.പി-സി.പി.എം ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഒരേ കണ്ടന്റ് ഉള്‍പ്പെടുന്ന സന്ദേശങ്ങളാണ് ഇരുവിഭാഗം പാര്‍ട്ടികളുടേയും സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിക്കുന്നത്.
കേരളത്തിലെ മുന്നോക്കക്കാര്‍ക്കും മുസ്‌ലിം ഇതര പിന്നോക്കക്കാര്‍ക്കും അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും മുസ്‌ലിംവിഭാഗങ്ങള്‍ തട്ടിയെടുക്കുന്നു, മുസ്‌ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ തന്നെ കേരളത്തില്‍ ഖിലാഫത്ത് ഭരണം യാഥാര്‍ഥ്യമാകും, ഖിലാഫത്ത് ഭരണം വന്നാല്‍ കേരളത്തില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാതെ നാടുവിടേണ്ടി വരും എന്നൊക്കെയാണ് പ്രചരിക്കപ്പെടുന്ന സന്ദേശങ്ങള്‍. മുന്നോക്ക സംവരണത്തിനെതിരേ പിന്നോക്ക വിഭാഗങ്ങള്‍ സംഘടിക്കാതിരിക്കാനുള്ള തന്ത്രമെന്ന നിലയിലാണ് സി.പി.എം-ബി.ജെ.പി അനുകൂല സൈബര്‍ വിഭാഗങ്ങള്‍ വെറുപ്പിന്റേയും ഭിന്നിപ്പിന്റേയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ ഈഴവ, ക്രിസ്ത്യന്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ മുസ്‌ലിം വിരോധം സൃഷ്ടിക്കുകയും പിന്നോക്ക വിഭാഗങ്ങളുടെ വിശാല ഐക്യം തടയുക എന്നതുമാണ് അസത്യ സന്ദേശങ്ങളുടെ ഉറവിടങ്ങളുടെ പ്രധാന ലക്ഷ്യം.
സംസ്ഥാന സര്‍ക്കാരിനെതിരേ ബി.ജെ.പി കേരള നേതൃത്വം ഉയര്‍ത്തുന്ന പല ആരോപണങ്ങള്‍ക്കും ദിവസങ്ങള്‍ക്കുള്ളില്‍ അകാലമൃത്യു സംഭവിക്കുന്നുവെന്ന ആരോപണവും സര്‍ക്കാരിനു ഗുണമാകുന്ന തരത്തില്‍ പലപ്പോഴും ബി.ജെ.പി നേതൃത്വം നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപങ്ങളും നിലനില്‍ക്കെയാണ് ന്യൂനപക്ഷ ഐക്യത്തിനെതിരേ വിദ്വേഷം ആളിക്കത്തിക്കുന്ന സംയുക്ത പ്രചാരണം. സ്പ്രിംഗ്ലര്‍ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണമാണ് വേണ്ടതെന്ന കെ.സുരേന്ദ്രന്റെ നിലപാട് മുഖ്യമന്ത്രിയെ സഹായിക്കാനുള്ളതാണെന്ന ആരോപണം നേരത്തെ ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി തന്നെ ചുമതല വഹിക്കുന്ന വിജിലന്‍സ് വകുപ്പ് അദ്ദേഹത്തിനെതിരേയുള്ള ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതും സുരേന്ദ്രനും മുഖ്യമന്ത്രിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് റോഡിലിറങ്ങിയ പൊതുജനങ്ങള്‍ പോലും പൊലിസിന്റെ ലാത്തിയുടെ ചൂടേറ്റപ്പോള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കോഴിക്കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് കാറില്‍ യാത്ര ചെയ്യാന്‍ കെ. സുരേന്ദ്രന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് വിവാദമായിരുന്നു. എന്നാല്‍ സുരേന്ദ്രന്റെ യാത്രയ്ക്ക് രണ്ട് നാള്‍ മുന്‍പ് ലോക്ക്ഡൗണ്‍ ഇല്ലാത്ത കാലത്ത് ക്വാറന്റൈനില്‍ അല്ലാത്ത, നിരീക്ഷണത്തില്‍ ഇല്ലാത്ത ഇടുക്കിയിലെ കോണ്‍ഗ്രസുകാരനായ സുലൈമാന്‍ യാത്ര ചെയ്തതിനെക്കുറിച്ച് മുഖ്യമന്ത്രി ഉയര്‍ത്തിയ വിമര്‍ശനങ്ങളും കേരളീയ സമൂഹം ചര്‍ച്ച ചെയ്തതാണ്. സര്‍ക്കാര്‍ നിലപാടുകളെ സാധൂകരിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ വെറുപ്പ് പ്രചരിപ്പിക്കുന്നത് പ്രബുദ്ധ കേരളത്തില്‍ വിലപോകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."