ലോകബാങ്ക് സംഘത്തിനു മുന്നില്‍ നഷ്ടങ്ങളുടെ സമഗ്ര ചിത്രം അവതരിപ്പിച്ച് ജില്ല
കൊച്ചി: ജില്ലയിലെ പ്രളയബാധിത മേഖലകളിലെ നഷ്ടം വിലയിരുത്താന്‍ ലോക ബാങ്ക്, എ.ഡി.ബി സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. എട്ട് പേരടങ്ങുന്ന സംഘമാണ് കൊച്ചിയിലെത്തിയത്. മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു സന്ദര്‍ശനം. പറവൂര്‍, ആലുവ, കൊച്ചി, കുന്നത്തുനാട്, മുവാറ്റുപുഴ താലൂക്കുകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ലോക ബാങ്ക് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.
ഡാമുകളില്‍ നിന്നുള്ള വെള്ളം വന്‍തോതില്‍ പെരിയാറിലെത്തിയതോടെ ആലുവ, പറവൂര്‍ പ്രദേശങ്ങള്‍ പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. 1,15,250 പേരെയാണ് വിവിധ സേനാവിഭാഗങ്ങള്‍ രക്ഷപെടുത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ 12889, പോലീസ്68928, എന്‍ഡിആര്‍എഫ്600, ആര്‍മി10500, നേവി16843. കൂടാതെ മത്സ്യത്തൊഴിലാളികളുടെ 400 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 969 ദുരിതാശ്വാസ ക്യാംപുകളിലായി 4.2 ലക്ഷം പേരാണുണ്ടായിരുന്നത്. പ്രളയം ഏറ്റവും കൂടുതല്‍ പേരെ ബാധിച്ചത് ജില്ലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രളയാന്തര പ്രവര്‍ത്തനങ്ങളുടെ സമഗ്ര ചിത്രവും ലോകബാങ്ക് പ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. 177000 കുടുംബങ്ങളാണ് പ്രളയബാധിതമായി കണക്കാക്കിയിട്ടുള്ളത്. ഇവര്‍ക്കായി 2.34 കിറ്റുകള്‍ വിതരണം ചെയ്തു. അടിയന്തര ധനസഹായ വിതരണവും കിറ്റ വിതരണവും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ സുതാര്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.
പ്രളയത്തെ തുടര്‍ന്ന് 2691 വലിയ മൃഗങ്ങളും 2462 ചെറിയ മൃഗങ്ങളും 145150 പക്ഷികളും ചത്തൊടുങ്ങി. 2,12,009 വീടുകളാണ് ശുചീകരിക്കാനുണ്ടായിരുന്നത്. ഇതില്‍ 2,11,177 വീടുകളുടെ ശുചീകരണം പൂര്‍ത്തിയായി. 80,355 കിണറുകള്‍ ശുചീകരിക്കേണ്ടതുണ്ടായിരുന്നു. ഇതില്‍ 71045 കിണറുകള്‍ ശുചീകരിച്ചു. 5530 ടണ്‍ അജൈവ മാലിന്യങ്ങളാണ് പ്രളയബാധിത മേഖലകളില്‍ നിന്ന് ശേഖരിച്ചത്.
ജീവനോപാധികളുടെ നഷ്ടം നേരിടുന്നതിന് കുടുംബശ്രീ നല്‍കുന്ന സഹായ സംവിധാനങ്ങളെക്കുറിച്ച് ലോകബാങ്ക് സംഘം ചോദിച്ചറിഞ്ഞു. പ്രളയബാധിത കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വീതവും എന്‍എച്ച്ജിക്ക് 10 ലക്ഷവുമാണ് വായ്പ ലഭ്യമാക്കുന്നത്. 9% പലിശ സര്‍ക്കാര്‍ അടയ്ക്കും. ജില്ലയില്‍ 814011 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. 3619 വീടുകള്‍ പൂര്‍ണ്ണമായും 23110 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് അതിവേഗം പുരോഗമിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു.
റീബില്‍ഡ് കേരള ആപ്പ് വഴി വിവരശേഖരണത്തിന് 7000 വൊളന്റിയര്‍മാരാണ് രംഗത്തുള്ളത്. ഈ മാസം 23 ഓടെ വിവരശേഖരണം പൂര്‍ത്തിയാക്കാനാകും. ശേഖരിച്ച വിവരങ്ങള്‍ തദ്ദേശ സ്ഥാപന എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ അല്ലെങ്കില്‍ ഓവര്‍സീയര്‍ വെരിഫൈ ചെയ്യണം. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയും വെരിഫൈ ചെയ്ത ശേഷമാണ് കണക്കുകള്‍ സ്ഥിരീകരിക്കുക.
ജില്ലയില്‍ 8113.81 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. ഭവന മേഖലയില്‍ 3136.24 കോടി, പൊതുകെട്ടിടങ്ങള്‍ 24.66, റോഡുകളും പാലങ്ങളും 1176.53 കോടി, നഗരമേഖലയിലെ അടിസ്ഥാനസൗകര്യം 9.78 കോടി, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യം 9.54 കോടി, ജലവിഭവം 102.01 കോടി, ജീവനോപാധി (മത്സ്യബന്ധനം, വിനോദ സഞ്ചാരം, ചെറുകിട വ്യാപാരം തുടങ്ങിയവ) 3520.19 കോടി, കൃഷി, മൃഗസംരക്ഷണം 123.64 കോടി, ഊര്‍ജ മേഖല 8.15 കോടി, പരിസ്ഥിതി, ജൈവ വൈവിധ്യം 3.07 കോടി എന്നിങ്ങനെയാണ് നഷ്ടത്തിന്റെ കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."