രണ്ടംഗ കവര്‍ച്ചാസംഘം അറസ്റ്റില്‍
കണ്ണൂര്‍: ഗോവയിലടക്കം മുപ്പതോളം കവര്‍ച്ചാക്കേസുകളില്‍ പ്രതികളായ രണ്ടുപേരെ ടൗണ്‍ പൊലിസ് അറസ്റ്റുചെയ്തു. ഇരിട്ടി മീത്തലെ പുന്നാട് സനീഷ് നിവാസില്‍ പി.കെ സജേഷ്(30), മട്ടന്നൂര്‍ മണ്ണൂരിലെ നഞ്ചെടുത്ത് വീട്ടില്‍ കെ. വിജേഷ്(26) എന്നിവരെയാണു ടൗണ്‍ സി.ഐ ടി.കെ രത്നകുമാറും സംഘവും പിടികൂടിയത്. ഗള്‍ഫിലുള്ള തായത്തെരുവിലെ മുഹമ്മദ് മുക്താറിന്റെ പൂട്ടിയിട്ട വീട്ടില്‍നിന്നു മൂന്നുപവന്‍ സ്വര്‍ണാഭരണവും 5,000 രൂപയും രണ്ടു റാഡോ വാച്ചുകളും കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. വീട്ടിലെ കാവല്ക്കാരന് പുറത്തുപോയ സമയത്തായിരുന്നു കവര്‍ച്ച. ഏപ്രില്‍ ആദ്യവാരം തോട്ടടയിലെ സുഗതന്റെ പൂട്ടിയിട്ട വീട്ടില്‍നിന്നു 35 പവന് സ്വര്‍ണാഭരണങ്ങളും 40,000 രൂപയും വിലകൂടിയ ഏഴു വാച്ചുകളുമടക്കം 7.50 ലക്ഷത്തോളം രൂപയുടെ കവര്‍ച്ച നടത്തിയ കേസിലെ പ്രതികളാണ് ഇവരെന്നു പൊലിസ് പറഞ്ഞു. തളിപ്പറമ്പ്, കാഞ്ഞങ്ങാട്, എടക്കാട്, പരിയാരം, കണ്ണൂര്‍ ടൗണ്‍, കണ്ണപുരം, കൊയിലാണ്ടി, ചന്തേര, ഗോവ തുടങ്ങിയ പൊലിസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരേ കേസുണ്ട്. തളിപ്പറമ്പ് സ്റ്റേഷന് പരിധിയില്‍നിന്ന് അഞ്ചു പവനും 22,000 രൂപയും കാഞ്ഞങ്ങാട് പരിധിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരം, ടൗണിലെ രണ്ടു സൂപ്പര്‍മാര്‍ക്കറ്റ്, ഒരു വീട് കുത്തിത്തുറന്ന് 20,000 രൂപ, രണ്ട് ബൈക്കുകള്‍ എന്നിവയും പരിയാരം പൊലിസ് പരിധിയിലെ ഒരു വീട്ടില്‍നിന്നു നാലു പവന് സ്വര്‍ണാഭരണവും റാഡോ വാച്ചും മൂന്നു കടകളിലെ കവര്‍ച്ചയും കണ്ണൂര്‍ ടൗണില്‍നിന്നു മൂന്നു ബൈക്കുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇവര്‍ പ്രതിയാണ്. എ.എസ്.ഐ ദിനേശന്, എസ്.പിയുടെ സ്ക്വാഡിലെ രാജീവന്, മഹിജന്‍, യോഗേഷ്, അനീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."